മൂവാറ്റുപുഴ|
സജിത്ത്|
Last Modified തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2016 (18:20 IST)
മൂത്രശങ്ക അകറ്റാന്‍
ഇ ടോയ്‌ലറ്റിനുള്ളില്‍ കയറിയ യുവാവ് പുറത്തിറങ്ങാൻ കഴിയാതെ മണിക്കൂറുകളോളം കുടുങ്ങി. നഗരമധ്യത്തിൽ ഉപയോഗശൂന്യമായി കിടന്നിരുന്ന ഇ ടോയ്‌ലറ്റിൽ കയറിയ രാമമംഗലം കീഴ്മുറി തേവർകാട്ടിൽ യദുരാജാണ് ഒരു മണിക്കൂറോളം ടോയ്‌ലറ്റിൽ കുടുങ്ങിയത്. തുടര്‍ന്ന് അഗ്നിശമന സേനയെത്തിയ ശേഷമാണ് അവശനിലയിലായ യദുരാജിനെ പുറത്തെത്തിച്ചത്.
സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്കു പോയതായിരുന്നു യദുരാജ്. മൂത്രശങ്ക മാറ്റാൻ നഗരത്തിലുടനീളം സ്ഥലം അന്വേഷിച്ചു നടക്കുന്നതിനിടയിലാണ് ടൗൺ ഹാളിനു സമീപം ഇ ടോയ്‌ലറ്റ് കണ്ടത്. ഇതു പ്രവർത്തനരഹിതമായ കാര്യം യദുരാജിനു അറിയില്ലായിരുന്നു. ഉള്ളിൽ കയറിയശേഷം വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് യദുരാജ് ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുകയും ടോയ്‌ലറ്റിന്റെ ചുമരില്‍ ആഞ്ഞടിക്കുകയും ചെയ്തു.
ആ സമയം സുഹൃത്തുക്കൾ ചായ കുടിക്കാൻ ഹോട്ടലിൽ പോകുകയും ചെയ്തിരുന്നു. ശബ്ദംകേട്ട് ആളുകളെത്തി പുറത്തു നിന്നു വാതിൽ തുറക്കാൻ ശ്രമം നടത്തിയെങ്കിലും അതും പരാജയപ്പെട്ടു. ഇതിനോടകം തന്നെ യദുരാജിന്റെ സുഹൃത്തുക്കളും എത്തിയിരുന്നു. തുടര്‍ന്ന് അഗ്നിശമന സേനയില്‍ വിവരമറിയിക്കുകയും അവരെത്തി യദുരാജിനെ പുറത്തെത്തിക്കുകയും ചെയ്തത്.
നാലര ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് നഗരസഭ ഇ ടോയ്‌ലറ്റ് നിർമിച്ചത്. എന്നാല്‍ ദിവസങ്ങള്‍ക്കകം ഇ ടോയ്‌ലറ്റിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. തകരാറിലായ ടോയ്‌ലറ്റിന്റെ അറ്റകുറ്റപ്പണി പിന്നീടു നടത്തിയതുമില്ല. ഇ ടോയ്‌ലറ്റിന്റെ ഉദ്ഘാടന ദിവസം ഉദ്ഘാടകനും സമാന സാഹചര്യത്തില്‍ ഇതിനുള്ളില്‍ കുടുങ്ങിയിരുന്നതായും സമീപവാസികള്‍ പറഞ്ഞു.