തിരുവനന്തപുരം|
Last Updated:
ബുധന്‍, 22 ഒക്‌ടോബര്‍ 2014 (14:19 IST)
ചാരക്കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കേണ്ടെന്ന് ഐ ഗ്രൂപ്പില്‍ അഭിപ്രായം. ഇവര്‍ക്കെതിരെ നടപടി വേണ്ടെന്ന ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകേണ്ടെന്നാണ് നേതാക്കളുടെ പക്ഷം. ചാരക്കേസ് അന്വേഷിച്ച മൂന്ന് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ ആവശ്യപ്പെട്ടു.
കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആരുടെയോ ചട്ടുകമായി പ്രവര്‍ത്തിക്കുകയായിരുന്നു. 15 വര്‍ഷം കഴിഞ്ഞാലും തെറ്റ് തെറ്റല്ലാതാകുന്നില്ല. കേസില്‍ നടപടി ആവശ്യപ്പെട്ട് കെ മുരളീധരന്‍ നല്കിയ കത്ത് രണ്ടു കൊല്ലം വെളിച്ചത്ത് വരാതിരുന്നത് ദുഖകരമാണ്. സര്‍ക്കാര്‍ ഇനിയെങ്കിലും നടപടി സ്വീകരിക്കണമെന്നും കെ കരുണാകന്റെ ആത്മാവിനോട് എങ്കിലും നീതി കാണിക്കണമെന്നും പത്മജ ആവശ്യപ്പെട്ടു.
അതേ സമയം വിധിപകര്‍പ്പ് പരിശോധിച്ച ശേഷം തുടര്‍നടപടി എടുക്കുമെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണം.നടപടി വേണമെന്ന നിലപാടാണ് കെ മുരളീധരനുള്ളത്. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി സര്‍ക്കാര്‍ അപ്പീല്‍ പോകേണ്ടന്നാണ് ഗ്രൂപ്പിലെ മറ്റ് നേതാക്കളുടെയും അഭിപ്രായം.
കുറ്റക്കാരെ സംരക്ഷിക്കേണ്ടെന്ന അഭിപ്രായമുണ്ടെങ്കിലും തുടര്‍ നടപടികളെന്തെന്ന് ഐ ഗ്രൂപ്പ് തീരുമാനിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ചെന്നിത്തലയും കെ.മുരളീധരനും അടക്കമുള്ള നേതാക്കള്‍ കൂടിയാലോചന നടത്തും. സിബി മാത്യൂസ്, കെ കെ ജോഷ്വാ, എസ് വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇത് ശക്തമായ ആയുധമാക്കാനാണ് ഐ ഗ്രൂപ്പിന്റെ നീക്കം.