ആരോപണ വിധേയരായ അധ്യാപകരെ സസ്പെൻഡ് ചെയ്തു; ഒടുവിൽ അധ്യാപകനും വായ് തുറന്നു, നെഹ്റു കോളേജിലെ ഇടിമുറി സത്യമോ?

ജിഷ്ണുവിന്റെ ആത്മഹത്യ; ആരോപണാ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ

aparna shaj| Last Modified വ്യാഴം, 12 ജനുവരി 2017 (18:48 IST)
പാമ്പാടി നെഹ്റു കോളേജിലെ അധ്യാപകർക്ക് സസ്പെൻഷൻ. ജിഷ്ണു പ്രണോയ്‌യുടെ ആത്മഹത്യയെ തുടർന്ന് ആരോപണ വിധേയരായ മൂന്ന് അധ്യാപകരെയാണ് മാനേജ്‌മെന്റ് സസ്പെൻഡ് ചെയ്തത്. വൈസ് പ്രിൻസിപ്പാൽ എൻ കെ ശക്തിവേൽ, അധ്യാപകൻ പ്രവീൺ, പി ആർ ഒ സഞ്ജയ് വിശ്വനാഥൻ എന്നിവർക്കെതിരെയാണ് മാനെജ്മെന്റിന്റെ നടപടി. ഏറെ പ്രതിഷേധങ്ങൾക്കൊടുവിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ യൂണിവേഴ്‌സിറ്റി പരീക്ഷയ്ക്കിടെ കോപ്പിയടിച്ചു എന്നാരോപിച്ച് വിഷ്ണുവിനെ പരിഹസിച്ചയാളാണ് പ്രവീൺ എന്ന് വിദ്യാർത്ഥികൾ പറയുന്നു. ജിഷ്ണുവിനെ ഓഫീസില്‍ കൊണ്ടുപോയ അധ്യാപകന്‍ ഡീ ബാര്‍ നടപടികള്‍ ആരംഭിച്ചിരുന്നതായും ആരോപണമുണ്ട്. സംഭവത്തിന് ശേഷം ഹോസ്റ്റല്‍ മുറിയിലെത്തിയ ജിഷ്ണു കൈ ഞെരമ്പ് മുറിച്ച ശേഷമാണ് തൂങ്ങിമരിച്ചത്. ഹോസ്റ്റല്‍ മുറിയില്‍ നിന്ന് ജിഷ്ണുവിനെ ആശുപത്രിയിലെത്തിക്കാനായി ഹോസ്റ്റലില്‍ താമസിക്കുന്ന അതേ അധ്യാപകനെ തന്നെ വിളിച്ചെങ്കിലും താന്‍ വരില്ലെന്ന് പറഞ്ഞ് അദ്ദേഹം ഫോണ്‍ കട്ട് ചെയ്തതായും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കിയിരുന്നു.

ഇതിനെതിരെ പ്രതിഷേധങ്ങൾ ശക്തമായതോടെ മാനേജ്‌മെന്റിന് വേറെ നിവൃത്തിയില്ലാതെ വരികയാണെന്ന് ഇതിലൂടെ വ്യക്തമാവുകയാണ്. അതേസമയം, മാനേജ്‌മെന്റിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി മുൻ അധ്യാപകൻ ശിവശങ്കർ രംഗത്തെത്തിയിരിക്കുകയാണ്. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ഇദ്ദേഹം കാര്യങ്ങൾ വിശദമാക്കുന്നത്.

വൈസ് പ്രിൻസിപ്പാളിന്റേയും പി ആർ ഒ യുടെയും നേതൃത്വത്തിലാണ് പീഡനങ്ങൾ നടക്കുന്നത്. ആദ്യ ദിവസം മുതൽ എനിക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇടിമുറിയെ കുറിച്ച് കൃത്യമായിട്ടറിയില്ലെങ്കിലും വൈസ് പ്രിൻസിപ്പാളിന്റെ മുറിയിൽ ശാരീരിക പീഡനങ്ങൾ അനുഭവിച്ചിട്ടുണെന്ന് വിദ്യാർത്ഥികൾ തന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട്. കൃത്യമായ അന്വേഷണം നടത്തിയാൽ ഇതുപോലെ നിരവധി കാര്യങ്ങൾ വെളിച്ചത്ത് വരുമെന്നും ശിവശങ്കർ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :