വൈദ്യുതാഘാതമേറ്റ് ആദിവാസി യുവതികൾ മരിച്ചു

അടിമാലി| Last Modified ബുധന്‍, 28 ഒക്‌ടോബര്‍ 2015 (16:12 IST)
വനത്തിൽ നിന്നും വിറക് ശേഖരിച്ച് മടങ്ങുന്നതിനിടെ ഗർഭിണിയടക്കം മൂന്നു ആദിവാസി യുവതികൾ വൈദ്യുതാഘാതമേറ്റു മരിച്ചു.മാങ്കുളത്തിന് സമീപം ചിക്കണാംകുടി ആദിവാസി കോളനിയിൽ താമസിക്കുന്ന ഗർഭിണിയായ സലോമി കുഞ്ഞുമോൻ (28), യശോദ തങ്കച്ചൻ ( 20), രാജാത്തി മന്നവൻ (28) എന്നിവരാണ് മരിച്ചത്. ആദ്യം ഷോക്കേറ്റ ഒരു വയസുള്ള കുഞ്ഞും മാതാവ് വനിതാ ശശിയുമാണ് (24) പരിക്കുകളോടെ രക്ഷപ്പെട്ടത്.


ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനിൽ മാങ്കുളത്തിന് സമീപം ചിക്കണാംകുടിയിലെ വനമേഖലയിലാണ് അപകടം. വിറക് ശേഖരിച്ച് മടങ്ങി വരുന്നതിനിടെ ഇതുവഴി പോകുന്ന 11.കെ.വി ലൈനിന്റെ സ്റ്റേ കമ്പിയിൽ നിന്നും ഷോക്കേറ്റ് ഒരു വയസുള്ള കുട്ടി തെറിച്ചു വീണു. ഈ കുട്ടിയെ രക്ഷിക്കുന്നതിനായി പാഞ്ഞടുത്ത മാതാവിനും മറ്റ് സ്ത്രീകൾക്കും ലൈൻ കമ്പിയിൽ പടർന്ന് പിടിച്ച വള്ളിക്കാട്ടിൽ നിന്നും ഷോക്ക് ഏൽക്കുകയായിരുന്നു. ഗർഭിണിയടക്കമുള്ള മൂന്നു പേരും തൽക്ഷണം മരിച്ചു. ആദ്യം ഷോക്കേറ്റ കുഞ്ഞും മാതാവും പരിക്കുകളോടെ രക്ഷപ്പെട്ടു. പിന്നാലെ വിറകുമായെത്തിയ സംഘമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.മരിച്ചവരുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :