സ്വത്തുതര്‍ക്കം: മാതാവിനെ കൊലപ്പെടുത്തിയ ബാങ്ക് മാനേജര്‍ക്ക് ജീവപര്യന്തം

സ്വത്ത് തര്‍ക്കത്തിനെ തുടര്‍ന്നുണ്ടായ കലഹത്തിനൊടുവില്‍ മാതാവിനെ കൊലപ്പെടുത്തിയ ബാങ്ക് മാനേജര്‍ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു

kollam, murder, arrest, court കൊല്ലം, കൊലപാതകം, അറസ്റ്റ്, കോടതി
കൊല്ലം| Last Modified ഞായര്‍, 24 ജൂലൈ 2016 (15:20 IST)
സ്വത്ത് തര്‍ക്കത്തിനെ തുടര്‍ന്നുണ്ടായ കലഹത്തിനൊടുവില്‍ മാതാവിനെ കൊലപ്പെടുത്തിയ ബാങ്ക് മാനേജര്‍ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ചവറ മോനാമ്പള്ളി ദ്വാരകയില്‍ രുഗ്മിണിയമ്മ എന്ന 62 കാരിയെ കൊലപ്പെടുത്തിയ മകന്‍ ഗണേശ് എന്ന 36 കാരനാണു ജില്ലാ രണ്ടാം അസിസ്റ്റന്‍റ് സെഷന്‍സ് ജഡ്ജി ആഷ് കെ.ബാല്‍ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. 2010 ജൂലൈ 19 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

കരുനാഗപ്പള്ളി പട വടക്ക് ദളവാമഠം വീട്ടില്‍ ഗോപാലകൃഷ്ണന്‍ നായരുടെ ഭാര്യയും മൃഗസം‍രക്ഷണ വകുപ്പില്‍ നിന്ന് വിരമിച്ചവരുമാണ് രുഗ്മിണിയമ്മ. ഭര്‍ത്താവുമായി പിണങ്ങിപ്പിരിഞ്ഞ അവര്‍ മൂത്തമകന്‍ ഗിരീഷിനൊപ്പമായിരുന്നു താമസം. ഇളയമകന്‍ ഗണേശ് പിതാവിനും രണ്ടാനമ്മയ്ക്കുമൊപ്പവും താമസിച്ചു.

എന്നാല്‍ ഗിരീഷ് ആത്മഹത്യ ചെയ്തതോടെ രുഗ്മിണിയമ്മ സഹോദരങ്ങള്‍ക്കൊപ്പം താമസമാരംഭിച്ചു. ഇതിനെ തുടര്‍ന്ന് ഗണേശ് മാതാവിനൊപ്പം കൂടുകയും അവരുടെ സ്വത്ത് ആവശ്യപ്പെടുകയും ചെയ്തു. രുഗ്മിണിയമ്മയുടെ വില്‍പ്പത്രം അനുസരിച്ച് അവരുടെ സ്വത്ത് വില്‍ക്കണമെങ്കില്‍ അവരുടെ സഹോദരങ്ങളുടെ സമ്മതം വേണമായിരുന്നു. സ്വത്തും മറ്റു വകകളും ലഭിക്കുന്നതിനായും മാതാവിനെ വിട്ടുകിട്ടുന്നതിനുമായി
ഗണേശ് പൊലീസില്‍ പരാതി നല്‍കി.

തുടര്‍ന്ന് രുഗ്മിണിയമ്മയുടെ സഹോദരങ്ങള്‍ പൊലീസിനെ സാക്ഷിനിര്‍ത്തി വസ്തുവകകള്‍ രുഗ്മിണിയമ്മയെ ഏല്‍പ്പിച്ചു. എന്നാല്‍ ഗണേശ് അവരുമായി പിണങ്ങി വീണ്ടും പിതാവിനൊപ്പം താമസമാരംഭിച്ചു. എന്നാല്‍ രുഗ്മിണിയമ്മ രോഗാവസ്ഥയില്‍ ആയതോടെ ഗണേശ് അവരെ ഗണേശും ഭാര്യയും താമസിക്കുന്ന വാടകവീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ചായിരുന്നു ഗണേശ് മാതാവിനെ കഴുത്തു ഞെരിച്ച്
കൊലപ്പെടുത്തിയത്.

അവരുടെ സംശയകരമായ മരണത്തെ തുടര്‍ന്ന് ഡി.വൈ.എസ്.പി രാധാകൃഷ്ണ പിള്ളയുടെ മേല്‍നോട്ടത്തില്‍ കരുനാഗപ്പള്ളി സി.ഐ വിദ്യാധരനും സംഘവുമാണ് കേസ് അന്വേഷിച്ച് ഗണേശിനെ അറസ്റ്റ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :