വെബ്ദുനിയ ലേഖകൻ|
Last Modified വെള്ളി, 4 ഡിസംബര്‍ 2020 (08:23 IST)
കൊച്ചി: സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിനെതിരെ തെളിവുകൾ ഹാജരാക്കണമെന്ന് കോടതി. ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിയ്ക്കുന്നതിനിടെ സമ്പത്തിക കുറ്റകൃത്യങ്ങൾ കൈമാര്യം ചെയ്യുന്ന പ്രത്യേക കോടതിയാണ് തെളിവുകൾ ഹാജരാക്കാൻ കസ്റ്റംസിന് നിർദേശം നൽകിയത്. ജാമ്യാപേക്ഷയിൽ വിധി പറയുന്നതിനായി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്.
ജാമ്യം നൽകുന്നതിനെ കസ്റ്റംസ് കോടതിയിൽ എതിർത്തു. അറസ്റ്റ് ഒഴിവാക്കുന്നതിനായി ശിവശങ്കർ അസുഖം അഭിനയിയ്ക്കുകയായിരുന്നു എന്നും സ്വർണകടത്തിന് ശിവശങ്കറിന്റെ സഹായം മാത്രമല്ല, ഉപദേശവും ലഭിച്ചിരുന്നു എന്നും കസ്റ്റംസ് കോടതിയിൽ ആരോപിച്ചു. എന്നാൽ മൊഴികൾ മാത്രം പോരാ തെളിവുകൾ മുദ്രവച്ച കവറിൽ ഹാജരാക്കണം എന്ന് കോടതി കസ്റ്റംസിനോട് ആവശ്യപ്പെടുകയായിരുന്നു. തെളിവുകൾ ഹാജരാക്കാം എന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്.