കണ്‍സ്യൂമര്‍ ഫെഡിന്റെ 1850 ഓണച്ചന്തകള്‍ക്ക് തുടക്കമായി

എ കെ ജെ അയ്യര്‍| Last Updated: തിങ്കള്‍, 24 ഓഗസ്റ്റ് 2020 (08:15 IST)
സഹകരണ വകുപ്പിന്റെ കണ്‍സ്യൂമര്‍ ഫെഡിന്റെ 1850 ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. വിലക്കുറച്ച് സാധനങ്ങള്‍ ലഭ്യമാക്കി ആദായം ഉപഭോക്താവിന് എത്തിക്കുന്ന സാമൂഹ്യപ്രതിബദ്ധതയോടുള്ള നടപടിയാണ് കണ്‍സ്യൂമര്‍ഫെഡ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ മാതൃകാപരമായ നടപടികളാണ് കണ്‍സ്യൂമര്‍ഫെഡിനെ ദുരിതക്കയത്തില്‍നിന്ന് രക്ഷപ്പെടുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നത്.

പൊതുചടങ്ങുകള്‍ ഇല്ലെങ്കിലും വീടുകളില്‍ മലയാളി ഓണം ആഘോഷിക്കുകയാണ്. ഓണക്കാലത്തും നാട്ടില്‍ കടകളും ഓണച്ചന്തകളും നിശ്ചിത സമയങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകണം വിതരണം എന്നേയുള്ളൂ. വരുന്ന ആളുകളും കൂട്ടംകൂടാതെ നിശ്ചിത ശാരീരിക അകലം പാലിക്കണം. ഓണച്ചന്തകളിലും ക്യൂവില്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ 2000 ഓളം ഓണച്ചന്തകള്‍ക്ക് പുറമേയാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ 1850 ഓണച്ചന്തകള്‍ കൂടി ആരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നഷ്ടക്കണക്കുകളില്‍നിന്ന് മാറി പ്രവര്‍ത്തനലാഭം നേടുന്ന സ്ഥാപനമായി കണ്‍സ്യൂമര്‍ഫെഡിനെ കഴിഞ്ഞ നാലുവര്‍ഷമായി ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കെയര്‍ഹോം വഴി 2000ല്‍ അധികം വീടുകള്‍ നിര്‍മിച്ചതുള്‍പ്പെടെ എണ്ണിയാലൊടുങ്ങാത്ത പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ നാലു വര്‍ഷമായി സഹകരണ പ്രസ്ഥാനങ്ങള്‍ നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :