തിരുവനന്തപുരം|
Last Modified വെള്ളി, 28 നവംബര്‍ 2014 (13:24 IST)
സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം വിനോദസഞ്ചാരികളെ അകറ്റുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കായല്‍ ടൂറിസം മേഖലയെയും മദ്യനയം പ്രതികൂലമായി ബാധിക്കുമെന്നും സംസ്ഥാനതല ബാങ്കേഴ്സ് സമിതിക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ടൂറിസം മേഖലയില്‍ സാമ്പത്തിക പ്രതിസന്ധിക്ക് മാത്രമെ മദ്യനയം കാരണമാവുകയുള്ളൂ. ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന
അവസ്ഥയുണ്ടാക്കും.
തദ്ദേശീയരും വിദേശീയരുമായ വിനോദസഞ്ചാരികളില്‍ ഭൂരിഭാഗം പേരും ആഘോഷങ്ങളുടെ ഭാഗമായി മദ്യം ഉപയോഗിക്കുന്നവരാണ്. അതിനാല്‍ തന്നെ
ഈ മേഖലയില്‍ നിന്ന് അവരെ അകറ്റി നിര്‍ത്താനേ മദ്യനയം ഉപകരിക്കുയുള്ളു. ഇത് വിനോദ സഞ്ചാരികളുടെ കേരളത്തിലേക്കുള്ള വരവ് കുറയ്ക്കും. അതിലൂടെ സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടമാണുണ്ടാവുകയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഹൗസ്ബോട്ട് ഉടമകളുടെ വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കണമെന്നും കുറിപ്പില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കായലുകളില്‍ സര്‍വീസ് നടത്തുന്ന 523ല്‍ പരം ഹൗസ് ബോട്ടുകളും കെഎഫ്സി പോലുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്ത് വാങ്ങിയവയാണ്. ഈ തുക തിരിച്ചടയ്ക്കാനുള്ള വരുമാനം ലഭിക്കാതെ വരുന്ന സാഹചര്യത്തില്‍ വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചേ മതിയാവൂ എന്നും കുറിപ്പില്‍ പറയുന്നു.