Last Modified ശനി, 4 മെയ് 2019 (15:42 IST)
വാഹനങ്ങൾ വിൽക്കുമ്പോൾ ഉദ്ദേശിച്ച പണം കൈയ്യിൽ വരിക എന്നതുമാത്രമാണ് മിക്ക ആളുകളും ശ്രദ്ധിക്കാറുള്ളത്. വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റി രജിസ്റ്റർ ചെയ്യുന്നതിൽ ആരും അത്ര താല്പര്യം കാണിക്കാറുമില്ല. ഇക്കാരണത്താൽ നിരവധി പേർ പിന്നീട് കുടുങ്ങിയിട്ടുണ്ട്. എന്നാൽ വാഹനങ്ങൾ വിൽക്കുമ്പോൾ ഉടമസ്ഥാവകാശം മാറ്റി രജിസ്റ്റർ ചെയ്യിക്കേണ്ട ഉത്തരവാദിത്വം ഇനി മുതൽ വാഹനം വിൽക്കുന്നയാൾക്കായിരിക്കും.
വാഹനം വിൽക്കുമ്പോൾ തന്നെ ഉടമസ്ഥാവകാശം രേഖാ മൂലം മാറണം. വഹനം വാങ്ങുന്നയാളും വിൽക്കുന്നയാളും ഒപ്പിട്ട ഫോം വാങ്ങുന്ന വ്യക്തിയുടെ സ്ഥലത്തെ ആർ ടി ഓഫീസിൽ നൽകിയാണ് ഉടമസ്ഥാവകാശം മാറ്റേണ്ടത്. ഇതുമയി ബന്ധപ്പെട്ട് പുതിയ ഉത്തരവ് നിലവിൽ വന്നിട്ടുണ്ട്. സംസ്ഥാനത്തെ വാഹന രജിസ്ട്രേഷൻ പുതിയ സോഫ്റ്റ്‌വെയറിലേക്ക് മാറുന്നതോടെ ലൈസൻസിംഗിലും വിൽപ്പന ചട്ടങ്ങളിലും നിരവധി മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്.
പുതിയ നിയമ പ്രകാരം വാഹനം വിൽക്കുന്ന വ്യക്തി തന്നെ രജിസ്ട്രേഷൻ മാറ്റാൻ മുൻകൈ എടുക്കണം. നേരത്തെ ഇത് വാങ്ങുന്ന വ്യക്തിയാണ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ വാഹനം വാങ്ങുന്നവർ ഉടമസ്ഥാവകശം മാറ്റാത്തത് കാരണം വാഹന സംബന്ധമായി പിന്നീടുണ്ടാകുന്ന പ്രശ്നങ്ങളിൽ മുൻ ഉടമസ്ഥർ കുടുങ്ങുന്ന അവസ്ഥ വ്യാപകമായതോടെയാണ് നിയമം കർക്കശമാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്.