കൊച്ചി|
jibin|
Last Modified ബുധന്‍, 7 മാര്‍ച്ച് 2018 (13:05 IST)
മട്ടന്നൂരിൽ കൊല്ലപ്പെട്ട ഷുഹൈബ് കേസിന്റെ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന്
സിബിഐ ഹൈക്കോടതിയിൽ വ്യക്തമാക്കി. ഷുഹൈബിന്റെ മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിലപാട് അറിയിച്ചത്.
കോടതി പറഞ്ഞാല്‍ അന്വേഷണം ഏറ്റെടുക്കുമെന്നും സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസ് ഡയറി അടക്കമുള്ള കാര്യങ്ങള്‍ സിബിഐക്ക് ഇപ്പോള്‍ പരിശോധിക്കാന്‍ കഴിയില്ല. കേസിന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണെന്നും അറിയില്ലെന്നും സിബിഐ പറഞ്ഞു.
ഷുഹൈബ് കേസില്‍ സർക്കാരിനെതിരേ രൂക്ഷ വിമർശനമാണ് ജസ്റ്റീസ് ബി കെമാൽപാഷ കോടതിയില്‍ നടത്തിയത്. പൊലീസിന്റെ അന്വേഷണം ഫലപ്രദമല്ലെന്ന് ഹൈക്കോടതി വാക്കാൽ നിരീക്ഷിച്ചു.
രാഷ്ട്രീയ കൊലപാതകങ്ങൾ സംസ്ഥാനത്തിന് നാണക്കേടാണ്. ഇതിന് പിന്നിൽ ആരാണെന്നത് എല്ലാവർക്കും അറിയാം. വിഷയത്തില്‍ ഒരു ചെറുവിരല്‍ എങ്കിലും അനക്കാന്‍ പറ്റുമോ?. എല്ലാവരും കൈകഴുകി രക്ഷപ്പെടുകയാണ്. ഷുഹൈബ് വധക്കേസിൽ പ്രതികളെ കൈയിൽ കിട്ടിയിട്ടും ആയുധങ്ങൾ കണ്ടെടുക്കാൻ പൊലീസിനാവാത്തത് ദു:ഖകരമാണെന്നും കോടതി വ്യക്തമാക്കി.
നീതിപൂര്‍വ്വമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസിന് പറയാനാവുമോ എന്നും കോടതി ചോദിച്ചു.
വാദത്തിനിടെ സർക്കാർ അഭിഭാഷകൻ ഈ ഹർജി പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചാണെന്ന് വാദിച്ചത് കോടതിയെ ചൊടിപ്പിച്ചു. താൻ മുമ്പും സിബിഐ അന്വേഷണങ്ങൾക്ക് ഉത്തരവിട്ടിട്ടുണ്ടെന്നും അതിനുള്ള അധികാരം കോടതിക്കുണ്ടെന്നും ജസ്റ്റീസ് കെമാൽപാഷ ഓർമിപ്പിച്ചു.
കേസുമായി ബന്ധപ്പെട്ട തെളിവുകൾ ഹാജരാക്കാൻ സർക്കാർ ഒരാഴ്ചത്തെ സാവകാശം തേടി.