കൊച്ചി|
Last Modified വെള്ളി, 29 ജൂലൈ 2016 (12:45 IST)
പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മദനി ഉള്‍പ്പെടെ പ്രതികളായുള്ള 24 വര്‍ഷം പഴക്കമുള്ള കേസിലെ തൊണ്ടി മുതലായ തോക്കും തിരകളും കാണ്മാനില്ലെന്ന് റിപ്പോര്‍ട്ട്. നിരോധിക്കപ്പെട്ട ഐ.എസ്.എസ് എന്ന സംഘടനയുമായി ബന്ധപ്പെട്ട് രഹസ്യ യോഗം നടന്ന കേസിലെ തൊണ്ടി മുതലുകളാണ് കാണാതായത്.
കൊല്ലം ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ കസ്റ്റഡിയില്‍ നിന്നാണിവ കാണാതായത്. ഈ കേസുമായി ബന്ധപ്പെട്ട വിചാരണ അടുത്തിടെ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങിയിരുന്നു.
ശാസ്താംകോട്ട പൊലീസാണ് 1992 ല്‍ ബാബറി മസ്ജിദ് സംഭവങ്ങള്‍ ഉണ്ടായ ശേഷം
മൈനാഗപ്പള്ളിയിലെ വസതിയില്‍ രഹസ്യ യോഗം ചേര്‍ന്നതുമായി ബന്ധപ്പെട്ടാണ് മദനി ഉള്‍പ്പെടെയുള്ള 18 പേര്‍ക്കെതിരെ കേസെടുത്തത്. സ്ഥലം റെയ്ഡ് ചെയ്ത് തൊണ്ടി സാധനങ്ങള്‍ കൊല്ലത്തെ കോടതിയിലേക്ക് കൈമാറുകയായിരുന്നു.
എന്നാല്‍ പിന്നീട് മദനിയുടെ അപേക്ഷ പ്രകാരം കേസ് എറണാകുളത്തേക്ക് മാറ്റുകയായിരുന്നു.
തൊണ്ടി മുതലുകളായ കൈത്തോക്ക്, തിരകള്‍, വെടിമരുന്ന്, മെറ്റല്‍ ഡിറ്റക്റ്റര്‍, ലാത്തി, സംഘടനയുടെ ലഘുലേഖകള്‍ എന്നിവയാണു കാണാതായത്. ഈ സാധനങ്ങള്‍ കോടതിയില്‍ കൊണ്ടുവന്ന സമയത്തുണ്ടായിരുന്ന ക്ലാര്‍ക്ക് പിന്നീട് ജോലി രാജിവച്ച് ഗള്‍ഫിലേക്ക് പോയിരുന്നു.