33 ആനകളുടെ ഭാരമുള്ള നീലത്തിമിംഗലം കേരള തീരക്കടലിലും; വന്‍ ശബ്ദം കേട്ട് ഞെട്ടി ഗവേഷകര്‍

രേണുക വേണു| Last Modified വ്യാഴം, 22 ജൂലൈ 2021 (11:08 IST)

കേരളത്തിലാദ്യമായി നീലത്തിമിംഗലത്തിന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്തു. വിഴിഞ്ഞത്തിനടുത്താണ് നീലത്തിമിംഗലത്തിന്റെ ശബ്ദം ഗവേഷകര്‍ റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്. കേരളത്തിന്റെ തീരക്കടലിലും നീലത്തിമിംഗലങ്ങളുണ്ടെന്ന് ഇതോടെ സ്ഥിരീകരിച്ചു.

ഇന്ത്യന്‍ തീരക്കടലിനടുത്ത് തിമിംഗലങ്ങളുണ്ടോ എന്നറിയാന്‍ അഹമ്മദാബാദിലെ ദിപാനി സുപാരിയയെന്ന ശാസ്ത്രജ്ഞയുടെ നേതൃത്വത്തിലാണ് പഠനം നടക്കുന്നത്. പഠനത്തിന്റെ ഭാഗമായി വിഴിഞ്ഞത്തിനും പൂവാറിനുമിടയില്‍ തീരത്തുനിന്ന് അമ്പതു മീറ്റര്‍ മാറി കടലില്‍ മൂന്നു മാസം മുന്‍പ് ഉപകരണങ്ങള്‍ സ്ഥാപിച്ചിരുന്നു. ഈ ഉപകരണങ്ങളിലാണ് നീലത്തിമിംഗലത്തിന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്. കേരളത്തിന്റെ തീരക്കടല്‍ വഴി ദേശാടനം നടത്തുന്ന ഒന്നോ രണ്ടോ തിമിംഗിലങ്ങളുടെ ശബ്ദമാണ് റെക്കോര്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ശബ്ദം അപഗ്രഥിച്ചുകൊണ്ടിരിക്കുകയാണ് ഗവേഷകര്‍. വിഴിഞ്ഞത്തിനടുത്തുകൂടി ഒന്നിലേറെ നീലത്തിമിംഗലങ്ങള്‍ പോയിട്ടുണ്ടെന്നാണ് ഗവേഷകര്‍ കരുതുന്നത്.

നീലത്തിമിംഗലം എന്ന ഭീമന്‍

ലോകത്തിലെ ഏറ്റവും വലിയ ജീവിയാണ് നീലത്തിമിംഗലം. ഏകദേശം 33 ആനകളുടെ ഭാരമുണ്ട് ഇതിന്. അതായത് 200 ടണ്‍ തൂക്കമെന്നാണ് പറയുന്നത്. 24-30 മീറ്റര്‍ നീളവും ഇവയ്ക്കുണ്ടാകും. 80 മുതല്‍ 90 വര്‍ഷം വരെയാണ് ആയുര്‍ദൈര്‍ഘ്യം. മണിക്കൂറില്‍ എട്ടു കിലോമീറ്ററാണ് സഞ്ചാരം. പ്രതിദിനം നാല് ടണ്‍ ഭക്ഷണം കഴിക്കും. 188 ഡെസിബല്‍സ് ശബ്ദമാണ് നീലത്തിമിംഗലങ്ങള്‍ പുറപ്പെടുവിക്കുന്നത്. 1600 കിലോമീറ്റര്‍ അകലെ നിന്നുപോലും ഇവയ്ക്ക് പരസ്പരം ആശയവിനിമയം നടത്താന്‍ കഴിയും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :