തിരുവനന്തപുരം/തൃശൂര്‍|
jibin|
Last Modified വെള്ളി, 27 മെയ് 2016 (20:10 IST)
മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് തൃശൂരിലെ പൊലീസ് അക്കാദമിയിലെ ബീഫ് നിരോധനവുമായി ഐജി സുരേഷ് രാജ് പുരോഹിത് മുന്നോട്ട്. ഏത് ഭക്ഷണം കഴിക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ തീരുമാനിക്കേണ്ടെന്ന് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി അധികരം ഏറ്റെടുത്ത ശേഷം ആദ്യമായി വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശം വന്ന ശേഷവും അക്കാദയിലെ എട്ട് ക്യാന്റീനുകളിലും ബീഫ് വിളമ്പുന്നത് ഐജി വിലക്കിയിരിക്കുകയാണ്. ആരെങ്കിലും ബീഫ് എത്തിക്കുന്നുണ്ടോ എന്നറിയാന്‍ തന്റെ ഇഷ്‌ടക്കാരെ അദ്ദേഹം നിയോഗിക്കുകയും ചെയ്‌തിട്ടുണ്ട്.
ഭരണം മാറിയതോടെ അപ്രഖ്യാപിത ബീഫ് നിരോധനം മറികടന്ന് ചില പൊലീസുകാര്‍ തൃശ്ശൂര്‍ പൊലീസ് അക്കാദമിയില്‍ ബീഫ് കൊണ്ടുവരുകയും വിതരണം ചെയ്യുകയും ചെയ്‌തത് വിവാദമാകുകയും ഇവര്‍ക്കെതിരെ നടപടി എടുക്കാന്‍ ഐ ജി തീരുമാനിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയുടെ പ്രസ്‌താവനയെ ഭയന്ന് ഇവര്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ നിന്ന് ഐ ജി സുരേഷ് രാജ് പുരോഹിത് പിന്മാറുകയായിരുന്നു.
കാന്റീനില്‍ ആരാണ് ബീഫ് എത്തിച്ചതെന്നും ബീഫ് എത്തിക്കാന്‍ നിര്‍ദേശം കൊടുത്ത ഉദ്യോഗസ്ഥന്‍ ആരാണെന്നും കഴിച്ചവര്‍ ആരൊക്കെയാണെന്നുമാണ് ഐജി അന്വേഷിച്ചത്. കഴിഞ്ഞ ഒന്നര വര്‍ഷമായി പൊലീസ് അക്കാദമിയിലെ ഭക്ഷണമെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. പര്‍ച്ചേസ് രജിസ്റ്റര്‍ പരിശോധിച്ചാല്‍ ഇത് മനസിലാക്കാന്‍ പറ്റും. അക്കാദമിക്ക് സമീപത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കും വിലക് ഏര്‍പ്പെടുത്തിയിട്ടുണ്ട് ഐജി.
മകനെകൊണ്ട് ഔദ്യോഗിക വാഹനം ഓടിപ്പിച്ച കേസിലും, നിയന്ത്രണം ലംഘിച്ച് പൊലീസ് അക്കാദമിയില്‍ തന്നെ കാണാന്‍ മാതാ അമൃതാനന്ദമയിക്ക് അനുവാദം കൊടുത്ത കേസിലുമെല്ലാം ആരോപണ വിധേയനായ വ്യക്തിയാണ് ഐജി സുരേഷ് രാജ് പുരോഹിത്.