തിരുവനന്തപുരം|
കെ സി മനോഹരന്‍ ചെറായി|
Last Updated:
വ്യാഴം, 12 ഫെബ്രുവരി 2015 (17:10 IST)
യുഡിഎഫിനെയും മന്ത്രിസഭയെയും ആകെ ഉലച്ച ബാര്‍ കോഴ വിവാദത്തിനു പിന്നാലെയുണ്ടായതാണ് ദേശീയ ഗെയിംസിലെ അഴിമതിയുടെയും ക്രമക്കേടിന്റെയും കഥകള്‍. എന്നാല്‍ ബാര്‍കേസ് വിവാദം കത്തിനില്‍ക്കുന്നതിനിടെ വളരെ പെട്ടന്ന് ഗെയിംസ് ആരോപണങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും ബാര്‍ കോഴ വിവാദം അതിന്റെ പ്രവാഹത്തില്‍ കുത്തിയൊലിച്ചു പോവുകയും ചെയ്തു. ഇപ്പോള്‍ മാധ്യമങ്ങള്‍, പ്രതിപക്ഷം, ബാറുടമകള്‍, ഭരണപക്ഷം ആരും തന്നെ ബാര്‍ എന്ന് തികച്ച് പറയുന്നുപോലുമില്ല. ബാര്‍ കോഴ അട്ടിമറിച്ചു എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.
അഴിമതി അട്ടിമറിച്ചു എന്ന് സംശയിക്കാന്‍ വേറേയും ചില കാരണങ്ങളുണ്ട്. ദേശീയ ഗെയിംസ് അഴിമതിയെ കുറിച്ച് വാര്‍ത്തകള്‍ വന്ന് തുടങ്ങിയതോടെ തന്നെ ബാര്‍ കോഴ വാര്‍ത്തകളുടെ ഒഴുക്ക് കുറഞ്ഞിരുന്നു. അതുവരെ ബാര്‍ കോഴയായിരുന്നു പ്രധാന വാര്‍ത്തയെങ്കില്‍ ഗെയിംസ് തുടങ്ങിയ അന്നുമുതല്‍ ഇത് ഒരു വാര്‍ത്തയേ അല്ലാതായി. ദേശീയ ഗെയിംസ് ഉദ്ഘാടന വേദിയില്‍ ലാലിസം പരിപാടി അവതരിപ്പിച്ച് കുളമായതോടെ എല്ലാവരും അതിന് പിന്നാലെ ആയി. മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും മോഹന്‍ലാലിനെ വേട്ടയാടി.
എന്നാല്‍ മോഹന്‍ലാലിനേകൊണ്ട് മന്ത്രിപുംഗവന്മാര്‍ നിര്‍ബന്ധിച്ച് ചെയ്യിച്ച ലാലിസം കുളമായതോടെ വലിയൊരു വിവാദത്തിനു തുടക്കമാവുകയായിരുന്നു. ഇന്നേവരെ ഒരു സ്റ്റേജിലും പരിപാടി അവതരിപ്പിച്ചിട്ടില്ലാത്ത ഒരു മ്യൂസിക് ബ്രാന്‍ഡിന് വന്‍ തുക നല്‍കി യാതൊരു മുന്നൊരുക്കങ്ങളും കൂടാതെ സംഗീത പരിപാടി അവതരിപ്പിച്ചതില്‍ ഒരു സ്പെല്ലിംഗ് മിസ്റ്റേക്കില്ലെ എന്ന് ആര്‍ക്കും സംശയം തോന്നും. വിവാദം വഴി തിരിച്ച് വിടാന്‍ ഉമ്മന്‍ ചാണ്ടി നടത്തിയ ഗൂഢാലോചനയാണോ ഇതെന്ന് പോലും ആക്ഷേപം ഒരു ഘട്ടാത്തില്‍ ഉയര്‍ന്നതാണ്.
ദേശീയ ഗെയിംസ് വിവാദങ്ങള്‍ ഒന്ന് അടങ്ങി വന്നപ്പോഴേക്കും ഷൈന്‍ ടോം ചാക്കോയും നാല് മോഡലുകളും കൊക്കെയ്ന്‍ കേസില്‍ പിടിയിലായി. ഇതോടെ മാധ്യമങ്ങള്‍ അതിന് പിറകെ ആയി. അപ്പോഴും മാണി രക്ഷപ്പെട്ടു. കൊക്കെയ്ന്‍ കേസില്‍ ആഷിക് അബുവിന്റേയും റീമ കല്ലിങ്കലിന്റേയും പേരുള്‍പ്പെടുത്തി വാര്‍ത്ത വന്നതോടെ വിവാദം വീണ്ടും കത്തിപ്പടര്‍ന്നു. ഇതിനിടെ മാണിയുടെ പേര് കടന്ന് വന്നെങ്കിലും അത് വന്നതുപോലെ പോയി. അതിനിടെ ഡല്‍ഹിയിലെ ആപ്പിന്റെ ചരിത്ര വിജയവും കൂടിയായപ്പോള്‍ മാണിയും ബാര്‍ കോഴയും എന്നെന്നേക്കുമായി മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ലാതായി.