രേണുക വേണു|
Last Modified ബുധന്‍, 12 മാര്‍ച്ച് 2025 (11:28 IST)
പ്രസിദ്ധമായ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം നാളെ. പൊങ്കാല ദിവസമായ വ്യാഴാഴ്ച (മാര്‍ച്ച് 13) തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും
സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കും. തിരുവനന്തപുരം നഗരപരിധിയില്‍ നാഷണലൈസ്ഡ് ബാങ്കുകള്‍ക്ക് അടക്കം അവധിയായിരിക്കും.
ഇന്ന് ഉച്ച മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ ഭക്തര്‍ ഇത്തവണ എത്തുമെന്നാണ് കണക്ക് കൂട്ടല്‍. തിരക്ക് കണക്കിലെടുത്ത് ഇത്തവണ പൊങ്കാല ഡ്യൂട്ടിക്കുള്ള വനിതാ പൊലീസുകാരുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. ഫയര്‍ വുമണും ഇത്തവണത്തെ പൊങ്കാലയ്ക്ക് സുരക്ഷ ഒരുക്കും. പൊങ്കാലയടുപ്പ് കൂട്ടാനുപയോഗിക്കുന്ന കല്ലുകള്‍ ലൈഫ് ഭവന പദ്ധതിക്കായി കോര്‍പ്പറേഷന്‍ ശേഖരിക്കും.
ആറ്റിങ്ങല്‍ ഭാഗത്തു നിന്ന് നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകേണ്ട ഹെവി വാഹനങ്ങള്‍ കഴക്കൂട്ടത്തുനിന്ന് ബൈപാസ് റോഡ് വഴിയും ശ്രീകാര്യം - കേശവദാസപുരം - പട്ടം - വഴുതക്കാട് - പൂജപ്പുര വഴിയും പോകണം.
പേരൂര്‍ക്കട ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ ഊളന്‍പാറ ശാസ്തമംഗലം ഇടപ്പഴഞ്ഞി പൂജപ്പുര വഴി പോകണം
വെഞ്ഞാറമൂട് ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ കേശവദാസപുരം - പട്ടം - വഴുതക്കാട് - പൂജപ്പുര വഴിയും നെയ്യാറ്റിന്‍കര ഭാഗത്തു നിന്ന് കഴക്കൂട്ടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ബാലരാമപുരം - വിഴിഞ്ഞം - എന്‍എച്ച് ബൈപാസ് വഴിയും പോകണം
നാളെ രാവിലെ 10.30 ഓടെ പണ്ഡാര അടുപ്പില്‍ തീ പകരും. 1.15 നാണ് പൊങ്കാല നിവേദ്യം.