പിങ്ക് പോലീസ് അപമാനിച്ച സംഭവം: എട്ട് വയസ്സുകാരിക്ക് സർക്കാർ 1,75,000 രൂപ കൈമാറി

അഭിറാം മനോഹർ| Last Modified ഞായര്‍, 2 ഒക്‌ടോബര്‍ 2022 (10:03 IST)
ആറ്റിങ്ങലിൽ പിങ്ക് പോലീസ് അപമാനിച്ച സംഭവത്തിൽ എട്ട് വയസുകാരിക്ക് നഷ്ടപരിഹാരം നൽകി. കോടതി നിർദ്ദേശിച്ച നഷ്ടപരിഹാരത്തുകയായ 1,75,000 രൂപ കുട്ടിയുടെയും റൂറൽ എസ്പിയുടെയും അക്കൗണ്ടിലേക്ക് കൈമാറി. കൈമാറിയെ പണം കുട്ടിയെ അപമാനിച്ച സിവിൽ പോലീസ് ഓഫീസർ രജിതയിൽ നിന്ന് ഈടാക്കും.

കഴിഞ്ഞ ഡിസംബർ 22നാണ് എട്ട് വയസ്സുകാരിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. പെൺകുട്ടിയോട് മോശമായി പെരുമാറിയ ഉദ്യോഗസ്ഥയെ ചുമതലയിൽ നിന്നും മാറ്റി നിർത്തണമെന്നും കോടതി ചിലവായി 25,000 രൂപ കെട്ടിവെയ്ക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.

കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്നാരോപിച്ച് അച്ഛനെയും മകളെയും പോലീസ് ഉദ്യോഗസ്ഥ നടുറോഡിൽ പരിശോധനയ്ക്ക് വിധേയരാക്കിയത്. ഒടുവിൽ പോലീസ് വാഹനത്തിനുള്ളിലുണ്ടായിരുന്ന ബാഗിൽ നിന്ന് തന്നെ മൊബൈൽ കിട്ടിയിരുന്നു. സംഭവം കുട്ടിയെ മാനസികമായി തളർത്തിയതായി പരാതിയിൽ വ്യക്തമാക്കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :