വെള്ളമുണ്ടയിലും അട്ടപ്പാടിയിലും മാവോയിസ്റ്റ് ആക്രമണം

അട്ടപ്പാടി| VISHNU.NL| Last Modified തിങ്കള്‍, 22 ഡിസം‌ബര്‍ 2014 (07:58 IST)
മാവോയിസ്റ്റ് വിരുദ്ധ നടപടികള്‍ സംസ്ഥാനം കര്‍ശനമാക്കുന്നതിനിടെ അട്ടപ്പാടിയിലെ മുക്കാലിയിലും വയനാട് വെള്ളമുണ്ടയിലും മാവോയിസ്റ്റുകള്‍ ആക്രമണം നടത്തി. അട്ടപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസിനു നേരെയാണ് ആക്രമണമുണ്ടായത്. പതിനാല് അംഗ മാവോയിസ്റ്റ് സംഘമാണ് ഓഫീസ് ആക്രമിച്ചതെന്നാണ് പ്രാഥമിക സൂചന. ഓഫീസിലെ ജീപ്പുകള്‍ കത്തിച്ച സംഘം ഓഫീസിലെ ചില്ലുകളും ജനലുകളും തകര്‍ത്തു.

പുലര്‍ച്ചെ ഒരു മണിയോടെയാണ് മുക്കാലിയില്‍ ആക്രമണമുണ്ടായത്. ഓഫീസിന്റെ ഭിത്തിയില്‍ ഇവര്‍ സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകള്‍ പതിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പുലര്‍ച്ചെ ഫോറസ്റ്റ് ഓഫീസില്‍ ആരും ഇല്ലാതിരുന്ന സമയത്താണ് ആക്രമണം നടന്നത്. മാവോയിസ്റ്റുകള്‍ ഓഫീസിലുണ്ടായിരുന്ന കംപ്യൂട്ടറുകള്‍ തകര്‍ക്കുകയും ഫയലുകള്‍ക്ക് തീയിടുകയും ചെയ്തു.

സൈലന്റ് വാലിയിലേക്ക് തിരിയുന്ന പാതയിലാണ് ഫോറസ്റ്റ് ഓഫീസ്. ഇതിനുമുമ്പും മുക്കാലിയിലെ ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ മാവോയിസ്റ്റ് സംഘം പോസ്റ്റര്‍ പതിച്ചിരുന്നു. സായുധസമരത്തിനുള്ള ആഹ്വാനമായിരുന്നു അവയില്‍. വെള്ളമുണ്ടയിലെ കുഞ്ഞോത്ത് ഫോറസ്റ്റ് ഓഫീസിന് നേരെയാണ് മാവോയിസ്റ്റുകള്‍ ആക്രമിച്ചത്. സ്ഥലത്ത് മാവോയിസ്റ്റ് പ്രസിധീകരനമായ കാട്ടുതീയുടെ പോസ്റ്റര്‍ പതിപ്പിച്ച സംഘം ഓഫീസിലെ ഫര്‍ണീച്ചറുകളും ഫയലുകളും നശിപ്പിച്ചു.

രണ്ടു സ്ഥലത്തും നടത്തിയ ആക്രമണത്തില്‍ സമാനതകളുള്ളതിനാല്‍ ആസൂത്രിതമായ സംഭവമാണെന്നും മാവോയിസ്റ്റുകള്‍ തന്നെയാണ് ഇതിന് പിന്നിലെന്നും പൊലീസ് കരുതുന്നു. സംസ്ഥാനത്ത് കൂടുതല്‍ സ്ഥലങ്ങളില്‍ മാവോയിസ്റ്റുകളുടെ ആകമണം ഉണ്ടായേക്കാമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നിട്ട് ആഴ്ചകള്‍ മാത്രമെ കഴിഞ്ഞിടൂള്ളു. റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ രണ്ടാഴ്ചമുമ്പ് വെള്ളമുണ്ടയില്‍ മാവോയിസ്റ്റുകളും പൊലിസും തമ്മില്‍ വെടിവയ്പ്പ് നടന്നിരുന്നു.

ആക്രമണ വാര്‍ത്ത അറിഞ്ഞ് മാവീയിസ്റ്റ് വിരുദ്ധ സേനയായ തണ്ടര്‍ ബോള്‍ട്ടും, അഗളി പോലീസ്, ഫയര്‍ ഫോഴ്‌സ് എന്നിവര്‍ സ്ഥലത്തെത്തി. പാലക്കാട്
എസ്‌പി മഞ്ജുനാഥിന്റെ നേതൃത്വത്തിലുള്ള സംഘം മുക്കാലിയില്‍ നിരീക്ഷണം നടത്തുന്നുണ്ട്. സംസ്ഥാനത്ത് മാവോയിസ്റ്റ് സാന്നിദ്ധ്യം സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഉറപ്പ് നല്‍കിയിരുന്നു.ഇതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായ്ത്. അതേ സമയം ആക്രമണം നടത്തിയത് മാവോയിസുകളാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ചെന്നിത്തല അറിയിച്ചു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :