നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം സംസ്ഥാനനേതൃത്വം; കാരണക്കാരായവരെ മാറ്റി നിര്‍ത്തണം; താന്‍ കാരണക്കാരനെങ്കില്‍ തന്നെയും മാറ്റി നിര്‍ത്തണമെന്ന് സിഎന്‍ ബാലകൃഷ്‌ണന്‍

നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം സംസ്ഥാനനേതൃത്വം; കാരണക്കാരായവരെ മാറ്റി നിര്‍ത്തണം; താന്‍ കാരണക്കാരനെങ്കില്‍ തന്നെയും മാറ്റി നിര്‍ത്തണമെന്ന് സിഎന്‍ ബാലകൃഷ്‌ണന്‍

തൃശൂര്‍| JOYS JOY| Last Modified ബുധന്‍, 22 ജൂണ്‍ 2016 (14:04 IST)
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും കനത്ത തോല്‍വിക്ക് കാരണം സംസ്ഥാനനേതൃത്വത്തിനാണെന്ന് മുതിര്‍ന്ന നേതാവ് സി എന്‍ ബാലകൃഷ്‌ണന്‍. തെരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കാന്‍ എത്തുന്നവരുടെ മുമ്പില്‍ ബാലകൃഷ്‌ണനെതിരെ പരാതി ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം സംസ്ഥാനനേതൃത്വത്തിനാണ്. തോല്‍വിക്ക്
കാരണക്കാരായവരെ മാറ്റി നിര്‍ത്തണം. താന്‍ കാരണക്കാരനാണെങ്കില്‍ തന്നെയും മാറ്റി നിറുത്തണമെന്നും സി എന്‍ പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ഗൂഢാലോചനയാണ്. 60 വര്‍ഷം പിന്നിട്ടതാണ് തന്റെ പൊതുപ്രവര്‍ത്തന പാരമ്പര്യമെന്നും അദ്ദേഹം പറഞ്ഞു.

25,000 ഭൂരിപക്ഷം കിട്ടുമെന്ന് വീമ്പിളക്കിയവര്‍ക്ക് കുറഞ്ഞ ഭൂരിപക്ഷത്തിന് ജയിക്കാനായതിന്‍റെ ജാള്യത മറക്കാനാണ് തനിക്കെതിരെയുള്ള ആരോപണം. അനില്‍ അക്കരയുടെ പേര് പരാമര്‍ശിക്കാതെ ആയിരുന്നു ഈ വിമര്‍ശനം.

പത്മജയുടെ പരാതിയെക്കുറിച്ച് ചോദിച്ചപ്പോള്‍ പത്മജയെ സ്ഥാനാർഥിയാക്കിയത് ആരാണെന്നായിരുന്നു ബാലകൃഷ്‌ണന്റെ ചോദ്യം. സ്ഥാനാർഥികളെ അടിച്ചേല്‍പ്പിക്കുകയായിരുന്നെന്നും തോല്‍വിയുടെ കാരണം സംസ്ഥാന നേതൃത്വം അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തൃശൂരിലെ തോല്‍വി സംബന്ധിച്ച് കെ പി സി സി ഉപസമിതി ചൊവ്വാഴ്ചയായിരുന്നു തെളിവെടുപ്പ് നടത്തിയത്. ജില്ലയിലെ ഏക യു ഡി എഫ് എം എല്‍ എയായ അനില്‍ അക്കരയും കെ പി സി സി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാലും സി എന്‍ ബാലകൃഷ്ണനെതിരെ പരാതി ഉന്നയിച്ചിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :