ജിബിന്‍ ജോര്‍ജ്|
Last Updated:
ഞായര്‍, 22 ഏപ്രില്‍ 2018 (18:25 IST)
ഒന്നര പതിറ്റാണ്ടു കാലം സിപിഎം കേരള ഘടകത്തെ നയിച്ച പിണറായി വിജയൻ പടിയിറങ്ങുകയും ചെങ്കൊടിയുടെ പുതിയ സാരഥിയായി കോടിയേരി ബാലകൃഷ്ണൻ ചുമതയേല്‍ക്കുകയും ചെയ്‌തതിന് ശേഷം നടന്ന ആദ്യ ഉപതെരഞ്ഞെടുപ്പില്‍ തൊഴിലാളി പ്രസ്ഥാനങ്ങളുടെ പാര്‍ട്ടി പരാജയം നുണഞ്ഞു. കേളാ രാഷ്‌ട്രീയത്തില്‍ തുടര്‍ചനങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിക്കുമായിരുന്ന ഉപതെരഞ്ഞെടുപ്പില്‍ എതിരാളികളെ തോല്‍വിയിലേക്ക് തള്ളിയിടാനുള്ള എല്ലാ സാഹചര്യങ്ങളും ആവോളമുണ്ടായിരുന്നിട്ടും സാഹചര്യങ്ങള്‍ മുതലാക്കാന്‍ കഴിയാതെ സിപിഎം ഒരിക്കല്‍ മുട്ടുകുത്തി വീണു.
പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇറങ്ങിയശേഷം പിണറായി വിജയന്‍ ഏറ്റെടുത്ത ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു അരുവിക്കരതെരഞ്ഞെടുപ്പ് നയിക്കല്‍. എന്നാല്‍ അദ്ദേഹം ഏറേ പ്രതീക്ഷയോടെ നയിച്ച തെരഞ്ഞെടുപ്പിലേറ്റ പരാജയം അദ്ദേഹത്തിനേറ്റ കനത്ത തിരിച്ചടിയാണെന്ന കാര്യത്തില്‍ സംശയമില്ല. തെരഞ്ഞെടുപ്പില്‍ വിഎസിനെ മുന്നില്‍ നിര്‍ത്തി അടിത്തട്ട് മുതല്‍ പ്രവര്‍ത്തിച്ച് മറിഞ്ഞു പോകാന്‍ സാധ്യതയുള്ള വേട്ടുകള്‍ പിടിക്കാനായിരുന്നു പിണറായി ശ്രമിച്ചത്. എന്നാല്‍ അത്തരത്തിലുള്ള ഒരു പ്രവര്‍ത്തനവും അരുവിക്കരയില്‍ ഫലവത്തായില്ല. ഒരിക്കല്‍ പോലും അരുവിക്കരയിലെ വേദികളില്‍ പ്രത്യക്ഷപ്പെടാതിരുന്ന അദ്ദേഹത്തിന്‍ തൊട്ടതെല്ലാം പിഴച്ചു. വിഭാഗീയതയും അണികളുടെ ബിജെപിയിലേക്കുള്ള ഒഴുക്കും പിടിച്ചു നിര്‍ത്താന്‍ കഴിയാതെ പോയ നേതാവിന് എങ്ങനെ ഉപതെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനാകുമെന്ന് അണികളും വിചാരിച്ചു.
സിപിഎം കേരള ഘടകത്തിന്റെ പുതിയ നാഥനായി മുണ്ടുമുറുക്കിയുടുത്ത് അധികാരത്തിന്റെ ചെങ്കോല്‍ ഏറ്റുവാങ്ങിയ കോടിയേരി ബാലകൃഷ്‌ണന്‍ മറക്കാന്‍ മാത്രം ആഗ്രഹിക്കുന്നതായിരിക്കും അരുവിക്കര. ഇവിടെ ജയിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ പിണറായി വിജയനേക്കാള്‍ പാര്‍ട്ടിയില്‍ ശക്തനാകാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. പിണറായിയേയും വിഎസിനേയും കൈകാര്യം ചെയ്യുന്നതില്‍ മിടുക്ക് പുലര്‍ത്തിയിരുന്ന അദ്ദേഹത്തിന് ഈ ജയം അനിവാര്യമായിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ കിട്ടിയ സുവര്‍ണ്ണാവസരം പാഴാക്കിയ അദ്ദേഹത്തിന്റെ അവസ്ഥ മിഠായി നഷ്‌ടമായ കുട്ടിയുടെ വേദന പോലെയാണ്. യുഡിഎഫില്‍ നിന്ന് ചാടാന്‍ കാത്തിരിക്കുന്ന വീരേന്ദ്ര കുമാറിനേയും ആര്‍എസ്‌പിയേയും തിരികെയെത്തിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഈ വിജയം മാത്രം മതിയായിരുന്നു. കേരളാ കോണ്‍ഗ്രസ് ബിയും പിസി ജോര്‍ജും എങ്ങോട്ട് എന്ന് ആലോചിച്ച് നില്‍ക്കുന്ന സമയത്ത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മര്‍മ്മത്ത് അടിച്ചുക്കൊണ്ടുള്ള ഒരു വിജയമായിരുന്ന കോടിയേരിക്ക് ആവശ്യമായിരുന്നത്.
ജയിക്കാനുള്ള എല്ലാവിധ സാഹചര്യവും സിപിഎമ്മിന് ആവോളമുണ്ടായിരുന്നു. സോളാര്‍ തട്ടിപ്പ്, ബാര്‍ കോഴ, ഭരണവിരുദ്ധവികാരം എന്നിവയെല്ലാം ഉണ്ടായിരുന്നിട്ടും പരാജയത്തിന്റെ ഭാരം കുറയ്‌ക്കാന്‍ സിഎഎമ്മിനായില്ല. ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കേണ്ട സമയത്ത് വിഎസ് അച്യുതാനന്ദനെ എങ്ങനെ പൂട്ടാം എന്ന് പത്തോളം ചര്‍ച്ചകള്‍ നടത്തി സമയം കളഞ്ഞ തൊഴിലാളി പ്രസ്ഥാനത്തിന് ഇതിലും വലിയൊരു തിരിച്ചടി ലഭിക്കില്ല. കാല്‍ ചുവട്ടില്‍ നിന്ന് മണ്ണ് ഒഴുകി മാറുന്നത് കണ്ടിട്ടും സമ്മതിക്കാതിരുന്നവര്‍ക്ക് തിരിച്ചടികളുടെയും വെല്ലു വിളികളുടേയും കാലം വരാനിരിക്കുന്നുവെന്നതിന് ഇതൊരു സൂചന കൂടിയാണ്. ബിജെപിയുടെ സ്വാധീനം മനസിലാക്കി പ്രവര്‍ത്തിക്കുന്നതിനൊപ്പം ജനകീയ വിഷയങ്ങളില്‍ ക്രീയാത്മകമായി പ്രവര്‍ത്തിക്കെണ്ട സമയമാണിതെന്ന് കോടിയേരി ഇനിയെങ്കിലും മനസിലാക്കണം. അഡ്‌ജസ്‌റ്റ്‌മെന്റ് രാഷ്‌ട്രീയമെന്ന ചീത്തപ്പേര് ഒഴിവാക്കുന്നതിനായി കൂടുതല്‍ ക്രീയാതമകമായി പ്രവര്‍ത്തിക്കേണ്ടതും സിപിഎമ്മിന് അനിവാര്യമാണ്.
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ജയമാണെങ്കില്‍ ജയത്തിന്റെ അവകാശികളായി പിണറായി വിജയനും കോടിയേരി ബാലകൃഷ്‌ണനും അരങ്ങിലെത്തുമെന്ന് വ്യക്തമായിരുന്നു. മറിച്ച് സംഭവിച്ചാല്‍ പരാജയത്തിന്റെ കാരണം വിഎസ് അച്യുതാനന്ദന്റെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്ന് മുദ്രകുത്തും. എന്നാല്‍ ആ സാഹചര്യം സംജാതമായിരിക്കുകയാണ്. തോല്‍വിയെ കുറിച്ച് പഠിക്കാനുള്ള സമതി തോല്‍വിയുടെ കാരണം അണികള്‍ക്ക് മനസിലാകാത്ത രീതിയില്‍ പറഞ്ഞൊപ്പിച്ച് തലയൂരും. അവിടെ അരുവിക്കരയില്‍ വി എസ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി വിസ്‌മരിക്കുമെന്ന് വ്യക്തം.