തിരുവനന്തപുരം|
jibin|
Last Updated:
ചൊവ്വ, 30 ജൂണ്‍ 2015 (14:01 IST)
അരുവിക്കരയില്‍ കെഎസ് ശബരീനാഥന്റെ വിജയം യുഡിഎഫ് സര്‍ക്കാരിന്റെ വിജയം കൂടിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ വിജയത്തോടെ സർക്കാരിനു മേൽ വലിയൊരു ഉത്തരവാദിത്തമാണ് ജനങ്ങൾ ഏൽപിച്ചിരിക്കുന്നത്. പ്രതിപക്ഷം
സര്‍ക്കാരിനെതിരേ ഉന്നയിച്ച ആക്ഷേപങ്ങള്‍ ജനം തള്ളിക്കളഞ്ഞുവെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ വന്ന ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പിലും യുഡിഎഫ് വിജയിച്ചു. തെരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിലയിരുത്തൽ തന്നെയാണ്. മാര്‍ക്സിസ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്നും പാഠങ്ങള്‍ പഠിക്കുന്നില്ലെന്നാണ് കോടിയേരിയുടെയും പിണറായിയുടെയും പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സിപിഎം പ്രവര്‍ത്തന ശൈലി മാറ്റാന്‍ തയാറാകുന്നില്ല. ദീര്‍ഘകാലം ജനങ്ങളെ കബളിപ്പിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ല. ഈ വസ്തുത സിപിഎം മനസിലാക്കണം. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനും ബോംബ് രാഷ്ട്രീയത്തിനുമുള്ള തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം ഈ തോൽവിയിൽ നിന്ന് പാഠം പഠിക്കണം. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ എല്ലാം തെറ്റാണെന്ന് തെളിഞ്ഞു. തെറ്റ് തിരുത്താൻ സി.പി.എം തയ്യാറാവണം. കാലഹരണപ്പെട്ട പ്രവർത്തന ശൈലി മാറ്റിയില്ലെങ്കിൽ ഇനിയും അവർക്ക് തിരിച്ചടി നേരിടും. കേരളത്തിലെ ജനങ്ങളെ ഇനി കബളിപ്പിക്കാൻ കഴിയില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. കൂടുതല്‍ വിനയത്തോടെയും ഉത്തരവാദിത്വത്തോടെയും സര്‍ക്കാര്‍ മുന്നോട്ട് പോകും. വിജയം അഹങ്കരിക്കാനുള്ളതല്ലെന്ന് സര്‍ക്കാരിന് വ്യക്തമായ ബോധ്യമുണ്ട്. ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റി മുന്നോട്ട് പോയാല്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നാണ് അരുവിക്കര ഫലം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജി കാർത്തികേയന് ജനങ്ങൾ നൽകിയ യഥാർത്ഥ ആദരാഞ്ജലിയാണ് ഈ വിജയം. യുഡിഎഫ് ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. മന്ത്രിമാർ ഒരിക്കൽ പോലും മുഖ്യമന്ത്രിയെ ധിക്കരിക്കുന്ന നിലയിലേക്ക് പോയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.