അമ്പത് ദിവസം കൊണ്ട് കേരളത്തിലെ സഹകരണ ബാങ്കുകളുടെ നില പരുങ്ങലില്‍ ആകും, വേണ്ടത് പ്രക്ഷോഭം: തോമസ് ഐസക്

ജെയ്റ്റ്ലി പറഞ്ഞതെന്ത്, നടന്നതെന്ത്? കേരളീയന്റെ കടമ പ്രക്ഷോഭം?!

aparna shaji| Last Modified ചൊവ്വ, 15 നവം‌ബര്‍ 2016 (08:24 IST)
കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിക്കെതിരെ സംസ്ഥാന ധനകാര്യ മന്ത്രി തോമസ് ഐസക്. ഡൽഹിയിൽ വെച്ച് കൂടിക്കാഴ്ചക്കിടെ മുഖ്യമന്ത്രി പിണറായി വിജയനോട് ജയ്റ്റ്ലി പറഞ്ഞത് പ്രാഥമീക സഹകരണ ബാങ്കുകള്‍ക്കും പഴയ നോട്ട് മാറ്റി കൊടുക്കുന്നതടക്കമുള്ള അനുവാദം നല്‍കുന്നത് പരിഗണിക്കാമെന്നായിരുന്നു. എന്നാൽ ഇതിനു നേർ വിപരീതമായിട്ടാണ് ഉത്തരവിറക്കിയിരിക്കുന്നതെന്ന് തോമസ് ഐസക് വ്യക്തമാക്കി.

തോമസ് ഐസക്കിന്റെ വാക്കുകളിലൂടെ:

അരുണ്‍ ജയ്റ്റ്ലി പറഞ്ഞതൊന്ന്, നടന്നത് നേര്‍ വിരുദ്ധം. മുഖ്യമന്ത്രിയോട് ജയ്റ്റ്ലി പറഞ്ഞത് പ്രാഥമീക സഹകരണ ബാങ്കുകള്‍ക്കും പഴയ നോട്ട് മാറ്റി കൊടുക്കുന്നതടക്കമുള്ള അനുവാദം നല്‍കുന്നത് പരിഗണിക്കാമെന്നാണ്. വൈകുന്നേരമായപ്പോള്‍ ഇറക്കിയ ഉത്തരവ്, ജില്ല സഹകരണ ബാങ്കുകള്‍ക്ക് അതുവരെ ഉണ്ടായിരുന്ന ഈ അവകാശം നിര്‍ത്തലാക്കുന്നു എന്നു പറഞ്ഞാണ് . അപ്പോള്‍ പിന്നെ പ്രാഥമീക സഹകരണ ബാങ്കുകളുടെ കാര്യം പറയേണ്ടതില്ലല്ലോ.

ഞാന്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഇക്കണോമിക്ക് അഫയേഴ്സ് സെക്രട്ടറിയെ ഫോണ്‍ ചെയ്തു. അദ്ദേഹവും ഈ സന്ദര്‍ശന വേളയില്‍ സന്നിഹിതനായിരുന്നു. ആര്‍ ബി ഐ യുടെ ഉത്തരവിനെ കുറിച്ച് അദ്ദേഹത്തിനറിയില്ല. തിരിച്ചു വിളിക്കാമെന്നു പറഞ്ഞു ഫോണ്‍ വെച്ചു. പിന്നെ വിളിയുണ്ടായില്ല. ഒരു കൈ ചെയ്യുന്നത് മറ്റേ കൈ അറിയാത്തത് ആണോ പ്രശ്നം? അതോ എല്ലാവരും കൂടി കളിക്കുന്ന പ്രഹസന നാടകം ആണോ?.

അരുണ്‍ ജെയ്റ്റ്ലിയെ കുറിച്ച് എനിക്ക് ഇതുവരെയുള്ള ധാരണ വച്ച് പരിഗണിക്കാമെന്ന് അദ്ദേഹം പറഞ്ഞത് ഗൌരവത്തില്‍ തന്നെയാണ്. സംഭാഷണത്തിനിടയ്ക്ക് തടസ്സവാദം ഉന്നയിക്കാന്‍ ശ്രമിച്ച ഫിനാന്‍സ് സെക്രട്ടറിയെ അദ്ദേഹം ആംഗ്യത്താല്‍ വിലക്കുന്നത് കാണാമായിരുന്നു. പിന്നെ എന്ത് പറ്റി? ആര് ഇടപെട്ടു കാണും? കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ഇതുതന്നെ അവസരം എന്ന് കരുതി ഇറങ്ങി പുറപ്പെട്ടിരിക്കുന്ന കേരളത്തിലെ ബി ജെ പി നേതാക്കളുടെ സ്വാധീനം ആണോ?

അന്‍പത് ദിവസത്തെ കാലാവധി കഴിയുമ്പോഴേക്കും കേരളത്തിലെ സഹകരണ ബാങ്കുകളുടെ നില പരുങ്ങലില്‍ ആകും. അത് കൊണ്ട് പ്രക്ഷോഭമേ മാര്‍ഗ്ഗമുള്ളൂ. റിസര്‍വ് ബാങ്കിന്റെ മുന്നിലെക്കുള്ള സഹകാരികളുടെ മാര്‍ച്ച് വിജയിപ്പിക്കെണ്ടത് ഓരോ കേരളീയന്റെയും കടമയാണ് .



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :