ചിപ്പി പീലിപ്പോസ്|
Last Modified ബുധന്‍, 4 മാര്‍ച്ച് 2020 (08:34 IST)
പുതിയതായി എത്തിയ വനിതാ മജിസ്ട്രേറ്റിനോട് പ്രണയം മൂത്ത
അഭിഭാഷകൻ ചെയ്ത വേലത്തരങ്ങൾ ആരേയും അമ്പരപ്പിക്കുന്നത്. കോടതിമുറിക്കുള്ളിൽ വരെ എത്തിയ പ്രണയചേഷ്ടകൾ അഭിഭാഷകനെ ഒടുവിൽ ജയിലിലാക്കി. കണ്ണൂരിലെ മട്ടന്നൂരിലാണ് സംഭവം.
മട്ടന്നൂര്‍ ബാറിലെ അഭിഭാഷകനായ 52കാരന്‍ സാബു വര്‍ഗീസാണ് വനിത മജിസ്‌ട്രേറ്റിന് പിന്നാലെ പ്രണയവുമായി നടന്ന് ഒടുവിൽ റിമാൻഡിലായത്. അടുത്തിടെയാണ് തെക്കന്‍ ജില്ലക്കാരി ആയ വനിത മജിസ്‌ട്രേറ്റ് കണ്ണൂര്‍ ജില്ലയിലെ ഒരു കോടതിയില്‍ മജിസ്‌ട്രേറ്റായി വന്നത്. കണ്ടയുടൻ തന്നെ പ്രണയം തോന്നിയ അഭിഭാഷകൻ ഇക്കാര്യം വനിത മജിസ്‌ട്രേറ്റിനോട് തുറന്നു പറഞ്ഞു. എന്നാൽ, അവർ അത് നിരസിച്ചു.
ഇതോടെ അഭിഭാഷകന്‍ വനിത മജിസ്‌ട്രേറ്റിന്റെ പിന്നാലെ കൂടി. നിരന്തരം ശല്യപ്പെടുത്തി. ഫോണിലേക്ക് മെസെജുകൾ അയച്ച് കൊണ്ടിരുന്നു. ഇതോടെ വനിത മജിസ്‌ട്രേറ്റ് ബാര്‍ അസോസിയേഷനെ സമീപിച്ചു. അവർ വക്കീലിനെ വിളിച്ച് താക്കീത് നൽകിയെങ്കിലും പ്രയോജനമൊന്നും ഉണ്ടായില്ല.
ഒടുവില്‍ കോടതി മുറിയിലും അഭിഭാഷകന്‍ തന്റെ പ്രണയ ലീലകള്‍ പുറത്തെടുത്ത് തുടങ്ങി. കോടതിമുറിക്കുള്ളിൽ ട്രയൽ നടന്നു കൊണ്ടിരിക്കേ മജിസ്ട്രേറ്റിനെ അഭിഭാഷകൻ കണ്ണിറുക്കി കാണിക്കുകയും മോശമായ ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തു. കോടതി പ്രവര്‍ത്തിക്കുന്നതിനിടെ മജിസ്ട്രേറ്റിനോട് മോശമായി പെരുമാറി എന്ന് കാണിച്ച് മജിസ്ട്രേറ്റ് പൊലീസിൽ പരാതി നൽകി. തുടര്‍ന്ന് ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് 52കാരനായ അഭിഭാഷകനെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.