അഭിറാം മനോഹർ|
Last Modified ചൊവ്വ, 25 മാര്‍ച്ച് 2025 (20:27 IST)
കേരളത്തില്‍ റംസാന്‍, ഈസ്റ്റര്‍, വിഷു ഉത്സവങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഫെയറുകളില്‍ വിവിധ ഭക്ഷ്യ-ഗാര്‍ഹിക ഉല്‍പ്പന്നങ്ങള്‍ക്ക് 40% വരെ വിലക്കുറവ് ലഭിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആര്‍. അനില്‍.സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ എല്ലാ ജില്ലകളിലും ആരംഭിക്കുന്ന ഈസ്റ്റര്‍,വിഷു,റംസാന്‍ ഫെയറുകളുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം പീപ്പിള്‍സ് ബസാറില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഇതിനായി മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പ്രത്യേക ചന്തകള്‍ സംഘടിപ്പിക്കും.
മറ്റ് ജില്ലകളില്‍ സപ്ലൈകോയുടെ പ്രധാന ഔട്ട്ലെറ്റുകളില്‍ ഫെയര്‍ നടക്കും.
സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് ഔട്ട്ലെറ്റുകള്‍ തിരഞ്ഞെടുത്തിട്ടുണ്ട്.
ഫെയര്‍ തീയതികള്‍:
റംസാന്‍ ഫെയര്‍: മാര്‍ച്ച് 30 വരെ
വിഷു-ഈസ്റ്റര്‍ ഫെയര്‍: എപ്രില്‍ 10 മുതല്‍ 19 വരെ
വിലക്കുറവുള്ള ഉല്‍പ്പന്നങ്ങള്‍:
വെളിച്ചെണ്ണ: മാര്‍ക്കറ്റ് വില 285 രൂപയ്ക്ക് പകരം 235 രൂപ മാത്രം.
ബിരിയാണി അരി: പൊതുവിപണിയില്‍ 85, 120 രൂപയ്ക്ക് വില്‍ക്കുന്നത് സപ്ലൈകോ 65, 94 രൂപയ്ക്ക് നല്‍കുന്നു.
സവാള, ചെറിയഉള്ളി, വെളുത്തുള്ളി തുടങ്ങിയവയ്ക്കും ഗണ്യമായ വിലയിടിവ്.
സര്‍ക്കാര്‍ ടെന്‍ഡര്‍ പ്രക്രിയകളിലൂടെയും വിതരണക്കാരുമായുള്ള ചര്‍ച്ചകളിലൂടെയും പരമാവധി വിലയിടിവ് ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഉത്സവ കാലത്ത് ജനങ്ങള്‍ക്ക് സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ സപ്ലൈകോ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആന്റണി രാജു എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സപ്ലൈകോ റീജയണല്‍ മാനേജര്‍ സജാദ് എ സ്വാഗതമാശംസിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ജാനകി അമ്മാള്‍ എസ് ആശംസയര്‍പ്പിച്ചു. ഡിപ്പോ മാനേജര്‍ ബിജു പി വി കൃതഞ്ജത അറിയിച്ചു.