കൊച്ചി|
സജിത്ത്|
Last Modified ബുധന്‍, 8 നവംബര്‍ 2017 (11:55 IST)
ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന ഭൂമി കയ്യേറ്റ കേസില്‍
സർക്കാരിനു ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. തോമസ് ചാണ്ടിക്ക് മാത്രമായി പ്രത്യേക പരിഗണനയാണോ സര്‍ക്കാര്‍ നല്‍കുന്നതെന്ന് കോടതി ചോദിച്ചു. മാത്രമല്ല ഒരു സാധാരണക്കാരന് ഭൂമി കയ്യേറ്റം നടത്തിയാല്‍ ഇതേ നിലപാടാണോ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകുകയെന്നും കോടതി ആരാഞ്ഞു. തൃശൂര്‍ സ്വദേശി ടി.എന്‍. മുകുന്ദന് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ഡിവിഷന് ബെഞ്ചിന്റെ വിമര്‍ശനം.
പൊതുസ്ഥലം കൈവശപ്പെടുത്തുകയും ടൂറിസ്റ്റ് റിസോർട്ടിലേക്ക് റോഡ് നിർമിച്ചതും കേരള ഭൂ സംരക്ഷണ നിയമ പ്രകാരം കുറ്റകരമാണെന്നും ഇതിനെതിരെ കേസെടുക്കാൻ പൊലീസിനു നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. അതേസമയം, തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളിൽ അന്വേഷണം തുടങ്ങിയതായി സർക്കാർ കോടതിയില്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്നതില്‍നിന്ന് ആക്ടിംഗ് ചീഫ് ജസ്റ്റീസ് ആന്റണി ഡൊമിനിക്ക് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് പിന്മാറിയിരുന്നു. കായൽ കയ്യേറിയതിനു പുറമേ വാട്ടർ വേൾഡ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നടത്തിയ നിയമലംഘനങ്ങൾ വ്യക്തമാക്കി ജില്ലാ കളക്ടർ സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടും ഇതുവരെ നടപടിയെടുത്തില്ലെന്നും തോമസ് ചാണ്ടി മന്ത്രിയായതിനാലാണ് കേസെടുക്കാൻ മടിക്കുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നു.