തോമസ്‌ ഐസക്‌ - മന്ത്രിസഭയുടെ ആസൂത്രണ വിദഗ്ധന്‍

WEBDUNIA|

പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ ടി.എം. തോമസ്‌ ഐസക്‌ മന്ത്രിസ്ഥാനത്ത്‌ എത്തുന്നത്‌ ഇത്‌ ആദ്യമായാണ്‌. 2001ല്‍ മാരാരിക്കുളത്തെ പ്രതിനിധീകരിച്ച്‌ സഭയിലെത്തിയെങ്കിലും ആന്റണി - ചാണ്ടി മന്ത്രിസഭകളുടെ സാമ്പത്തിക വിമര്‍ശകനായി മാത്രം പത്രത്താളുകളില്‍ നിറയാനായിരുന്നു തോമസിന്റെ നിയോഗം.

എന്നാല്‍ സാമ്പത്തിക വിമര്‍ശനങ്ങളില്‍ കാട്ടിയ ചടുലത സംസ്ഥാനത്തിന്റെ സാമ്പത്തിക ആസൂത്രണത്തില്‍ കാട്ടേണ്ട ചുമതലയാണ്‌ ഇത്തവണ തോമസ്‌ ഐസകിന്റേത്‌. സി.പി.എമ്മിന്റെ വിഖ്യാതമായ ജനകീയാസൂത്രണ പരീക്ഷണത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളായ തോമസ്‌ ഐസക്കിന്റെ മന്ത്രിസഭാ നിയോഗം സാമ്പത്തിക അധികാരം താഴെത്തട്ടുകളിലേക്ക്‌ എത്തിക്കുമെന്ന പ്രതീക്ഷയാണ്‌ പാര്‍ട്ടിയിലും പുറത്തുമുള്ള അദ്ദേഹത്തിന്റെ ആരാധാകരും വിമര്‍ശകരും പുലര്‍ത്തുന്നത്‌.

സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ്‌ ബിരുദം നേടിയ തോമസ്‌ ഐസക്‌ എസ്‌.എഫ്‌.ഐ സംസ്ഥാന പ്രസിഡന്റ്‌, സംസ്ഥാന ആസൂത്രണ ബോര്‍ഡംഗം, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 74ല്‍ എസ്‌.എഫ്‌.ഐ എറണാകുളം ജില്ലാ പ്രസിഡന്റായി. 76ല്‍ അടിയന്തരാവസ്ഥയ്ക്കെതിരായ സമരത്തില്‍ പങ്കെടുത്ത്‌ ജയിലിലായി. 79ല്‍ എസ്‌.എഫ്‌.ഐ സംസ്ഥാന പ്രസിഡന്റായി.

കയര്‍ വര്‍ക്കേഴ്‌സ്‌ സെന്റര്‍ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന ഐസക്‌ വിവിധ സര്‍വ്വകലാശാലകളിലെ അക്കാദമിക്‌ സമിതിയംഗമാണ്‌.

ദാരിദ്ര്യത്തിന്റെ അര്‍ത്ഥശാസ്ത്രം, ലോകബാങ്കും നാണയനിധിയും, ആലപ്പുഴയുടെ സമരഗാഥ, ജനകീയാസൂത്രണവും സിദ്ധാന്തവും. കേരളം - മണ്ണും മ൹ഷ്യ൹ം എന്നിവയാണ്‌ പ്രധാന കൃതികള്‍. ആന്ധ്ര സ്വദേശിനി നദാദുരിയാണ്‌ ഭാര്യ. ഡാറ,ഡോറ എന്നിവര്‍ മക്കളാണ്‌. സാമ്പത്തിക ശാസ്ത്രജ്ഞയായി പ്രവര്‍ത്തിക്കുന്ന നദായും മക്കളും അമേരിക്കയിലാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :