ബിനോയ് വിശ്വം മന്ത്രിസഭയിലെ സാഹിത്യപ്രതിഭ

WEBDUNIA|

വൈക്കം എം.എല്‍.എയായിരുന്ന സി.കെ. വിശ്വനാഥന്‍റെയും സി.കെ. ഓമനയുടെയും മകനായി ജനിച്ച ബിനോയ് വിശ്വം (50) അറിയപ്പെടുന്ന ഗ്രന്ഥകാരനും പത്രപ്രവര്‍ത്തകനുമാണ്. എ.ഐ.റ്റി.യു.സി. മുഖപത്രമായ ട്രേഡ് യൂണിയന്‍ മാസികയുടെ എഡിറ്ററായ വിശ്വം വേള്‍ഡ് യൂത്തിന്‍റെ പ്രതാധിപ സമിതിയംഗം, ജനയൂത്തിന്‍റെ പത്രാധിപ സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മലയാളത്തിലും ഇംഗ്ളീഷിലും നിരവധി ലേഖനങ്ങളുടെ കര്‍ത്താവായ ബിനോയ് കവിതയിലും തന്‍റെ പ്രതിഭ വെളിപ്പെടുത്തിയിട്ടുണ്ട്. സമകാലിക വിഷയങ്ങളെക്കുറിച്ച് നിരവധി ലേഖനങ്ങളിലൂടെ ശ്രദ്ധ നേടിയ ബിനോയിക്ക് അംബാസിഡര്‍ ഓഫ് ഫ്രണ്ട്ഷിപ്പ് എമംഗ് വേള്‍ഡ് യൂത്ത്, ബാനര്‍ ഓഫ് യൂത്ത് യൂണിറ്റി എന്നീ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.

കലാപഭൂമിയായിരുന്ന നാദാപുരത്ത് ശാന്തി പരത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചതിലൂടെയാണ് ബിനോയ് വിശ്വം അടുത്തിടെ ശ്രദ്ധ നേടിയത്. മാര്‍ക്ക് തട്ടിപ്പ് സമരത്തില്‍ പൊലീസിന്‍റെ കൊടിയ മര്‍ദ്ദനമേറ്റ ബിനോയ് മാസങ്ങളോളം ആശുപത്രിയിലായിരുന്നു. തൊഴില്‍ സമരത്തില്‍ പങ്കെടുത്ത് രണ്ട് മാസത്തോളം ജയില്‍വാസവും അനുഭവിച്ചു.

18-ാം വയസ്സില്‍ സി.പി.ഐ അംഗമായി. എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ്, അഖിലേന്ത്യാ സെക്രട്ടറി, എ.ഐ.വൈ..എഫ് സംസ്ഥാന സെക്രട്ടറി, ലോക ജനാധിപത്യ യുവജന ഫെഡറേഷന്‍ വൈസ് പ്രസിഡന്‍റ്, ഏഷ്യാ-പസഫിക് തലവന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ച ബിനോയ് വിശ്വം 92-98 കാലയളവില്‍ സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗമായിരുന്നു. നിരവധി ട്രേഡ് യൂണിയന്‍ സംഘടനകളുടെ ഭാരവാഹിയാണ്.

സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുന്പോഴാണ് മന്ത്രിസ്ഥാനം തേടിയെത്തുന്നത്. നാദാപുരത്തെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്ന ബിനോയ് വിശ്വത്തിന് സഭയില്‍ ഇത് രണ്ടാമൂഴം. സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ ഷൈലാ ജോര്‍ജാണ് ഭാര്യ. രശ്മി, സൂര്യ എന്നിവര്‍ മക്കള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :