ഐപിഎല്‍: ക്യാംപില്‍ വീണ്ടും കോവിഡ് ഭീതി, ടി.നടരാജന് പോസിറ്റീവ്

രേണുക വേണു| Last Modified ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (15:30 IST)

ഐപിഎല്‍ ക്യാംപില്‍ വീണ്ടും കോവിഡ് ഭീതി. സണ്‍റൈസേഴ്‌സ് ഹൈദരബാദ് താരം ടി.നടരാജന് കോവിഡ് സ്ഥിരീകരിച്ചതായി ഐപിഎല്‍ വൃത്തങ്ങള്‍ അറിയിച്ചു. നടരാജന്‍ ഐസൊലേഷനില്‍ പ്രവേശിച്ചു. ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കളിക്കാനിരിക്കെയാണ് സണ്‍റൈസേഴ്‌സ് ക്യാംപില്‍ നിന്ന് കോവിഡ് വാര്‍ത്ത പുറത്തുവരുന്നത്. മത്സരത്തിനു മുന്നോടിയായുള്ള പിസിആര്‍ ടെസ്റ്റിലാണ് നടരാജന് കോവിഡ് സ്ഥിരീകരിച്ചത്.

മറ്റ് താരങ്ങള്‍ക്കൊന്നും രോഗലക്ഷണങ്ങള്‍ ഇല്ല. എങ്കിലും നടരാജനുമായി ഏറ്റവും അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ആറ് പേര്‍ ഐസൊലേഷനിലാണ്. ഓള്‍റൗണ്ടര്‍ താരം വിജയ് ശങ്കര്‍, ടീം മാനേജര്‍ വിജയ് കുമാര്‍, ഫിസിയോതെറാപ്പിസ്റ്റ് ശ്യാം സുന്ദര്‍, ഡോക്ടര്‍ അഞ്ജന വന്നന്‍, ലോജിസ്റ്റിക്‌സ് മാനേജര്‍ തുഷാര്‍ ഖേദ്കര്‍, നെറ്റ് ബൗളര്‍ പെരിയസ്വാമി ഗണേഷന്‍ എന്നിവരാണ് നടരാജനുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ആറ് പേര്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :