രേണുക വേണു|
Last Modified വെള്ളി, 28 മാര്‍ച്ച് 2025 (19:16 IST)
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ റിഷഭ് പന്തിന്റെ മോശം പ്രകടനത്തില്‍ രോഷാകുലനായ അവതാരകന്‍ ടെലിവിഷന്‍ എറിഞ്ഞു തകര്‍ത്തു. സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ ലഖ്‌നൗ ജയിച്ചെങ്കിലും നായകന്‍ പന്ത് ബാറ്റിങ്ങില്‍ നിരാശപ്പെടുത്തി. 15 പന്തില്‍ 15 റണ്‍സ് മാത്രമാണ് പന്ത് നേടിയത്. മുന്‍ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോടു ലഖ്‌നൗ തോല്‍വി വഴങ്ങുകയും പന്ത് ആറ് പന്തില്‍ റണ്‍സൊന്നും എടുക്കാതെ പുറത്താകുകയും ചെയ്തിരുന്നു.
പന്തിന്റെ പ്രകടനത്തില്‍ അതീവ നിരാശനായ സ്‌പോര്‍ട്‌സ് അവതാരകന്‍ പങ്കജ് ആണ് ടെലിവിഷന്‍ തകര്‍ത്തത്. സ്‌പോര്‍ട്‌സ് മാധ്യമപ്രവര്‍ത്തകനായ വിക്രാന്ത് ഗുപ്തയും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. തന്റെ മുന്നിലെ ഗ്ലാസ് ടേബിളില്‍ ഉണ്ടായിരുന്ന കട്ടിയുള്ള എന്തോ സാധനമെടുത്ത് പങ്കജ് ടെലിവിഷനിലേക്ക് എറിയുകയായിരുന്നു.
' റിഷഭ് പന്തിനു ഇനിയും അവസരങ്ങളുണ്ട്, പക്ഷേ അയാളുടെ പ്രകടനം പ്രവചനീയമായിരിക്കുന്നു. നമുക്ക് പന്തിനെ ആശ്രയിക്കാന്‍ സാധിക്കില്ല. എന്ത് തരം നായകനാണ് അയാള്‍? ഇങ്ങനെയൊരു ക്യാപ്റ്റനെ നമുക്ക് ആവശ്യമില്ല,' എന്നു പറഞ്ഞു കൊണ്ടാണ് പങ്കജ് ടിവി തകര്‍ത്തത്. മുന്നില്‍ ഉണ്ടായിരുന്ന ഗ്ലാസ് ടേബിള്‍ മറിച്ചിടാനും ഇയാള്‍ ശ്രമിച്ചു.