അഭിറാം മനോഹർ|
Last Modified ഞായര്‍, 7 മെയ് 2023 (08:36 IST)
ഐപിഎല്ലിൽ 7000 റൺസെന്ന നാഴികകല്ല് പിന്നിടുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി ആർസിബിയുടെ സൂപ്പർ താരം വിരാട് കോലി. ശനിയാഴ്ച ഡൽഹിയിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ നടന്ന മത്സരത്തിലാണ് കോലി റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. 233
ഐപിഎൽ മത്സരങ്ങളിൽ നിന്നാണ് കോലി 7000 റൺസ് ക്ലബിലെത്തിയത്. ഈ സീസണിലെ 10 കളികളിൽ നിന്നും 419 റൺസ് നേടിയ താരം സീസണിലെ റൺവേട്ടക്കാരിൽ നാലാം സ്ഥാനത്താണ്.
സീസണിൽ ഏറ്റവും കൂടുതൽ അർധസെഞ്ചുറികൾ കോലിയുടെ പേരിലാണ്. അതേസമയം ബാറ്റിംഗിലെ താരത്തിൻ്റെ മെല്ലെപ്പോക്ക് ടീം സ്കോറിനെ കാര്യമായി ബാധിക്കുന്നുണ്ട്. അർധസെഞ്ചുറികൾ തൂടരെ കണ്ടെത്തുമ്പോഴും കൂടുതൽ ബോളുകൾ അതിനായി എടുക്കുന്നത് ടീമിനെ പിൻ സീറ്റിലാക്കുന്നു. ഇന്നലെ ഡൽഹിക്കെതിരെ 46 പന്തിൽ നിന്നും 55 റൺസാണ് താരം നേടിയത്. 213 മത്സരങ്ങളിൽ നിന്നും 6536 റൺസുമായി ശിഖർ ധവാൻ, 172 മത്സരങ്ങളിൽ നിന്ന് 6189 റൺസുമായി ഡേവിഡ് വാർണർ 237 മത്സരങ്ങളിൽ നിന്ന് 6063 റൺസുമായി രോഹിത് ശർമ എന്നിവരാണ് കോലിക്ക് പിറകിലുള്ള മറ്റ് താരങ്ങൾ.