അഭിറാം മനോഹർ|
Last Modified തിങ്കള്‍, 29 ഏപ്രില്‍ 2024 (19:58 IST)
ഐപിഎല്‍ സീസണ്‍ പകുതി പിന്നിട്ടെങ്കിലും ഐപിഎല്ലിനേക്കാള്‍ ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നത് ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഏതെല്ലാം താരങ്ങള്‍ ഇടം നേടും എന്നതിനെ പറ്റിയാണ്. ലോകകപ്പ് ടീം പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഐപിഎല്ലിലെ മികച്ച പ്രകടനത്തോടെ ടീമിലെ സ്ഥാനത്തിനായി പോരാടുകയാണ് മലയാളി താരമായ സഞ്ജു സാംസണ്‍. ലഖ്‌നൗവിനെതിരെ കഴിഞ്ഞ മത്സരത്തില്‍ ടീമിനെ വിജയത്തിലേക്കെത്തിച്ച പ്രകടനത്തോടെ നിരവധി പേരാണ് സഞ്ജുവിനെ ഇന്ത്യന്‍ ടീം പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്നത്.
ഇപ്പോഴിതാ മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരമായ കെവിന്‍ പീറ്റെഴ്‌സണും ഇതേ ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ്. താനായിരുന്നു ഇന്ത്യന്‍ സെലക്ടറെങ്കില്‍ ടീമില്‍ സഞ്ജു ഉറപ്പായും കാണുമായിരുന്നുവെന്ന് പീറ്റേഴ്‌സണ്‍ പറയുന്നു. ഞാനാണ് സെലക്ടറെങ്കില്‍ എന്റെ ഫസ്റ്റ് ചോയ്‌സുകളില്‍ ഒരാള്‍ സഞ്ജുവായിരിക്കും. വെസ്റ്റിന്‍ഡീസിലും യുഎസ്എയിലും മികച്ച പ്രകടനം തന്നെ നടത്താന്‍ സഞ്ജുവിനാകുമെന്നും പീറ്റേഴ്‌സണ്‍ പറഞ്ഞു. പീറ്റേഴ്‌സണെ കൂടാതെ മുന്‍ ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് കൈഫ്,ഹര്‍ഭജന്‍ സിംഗ് തുടങ്ങിയവരും ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ വിക്കറ്റ് കീപ്പര്‍ ഓപ്ഷനായി സഞ്ജുവിനെയാണ് പരിഗണിക്കുന്നത്.
അതേസമയം റിഷഭ് പന്താണ് ടി20 ലോകകപ്പ് ടീമിലെ ആദ്യ വിക്കറ്റ് കീപ്പര്‍ ഓപ്ഷനെന്നാണ് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. സഞ്ജുവിനൊപ്പം കെ എല്‍ രാഹുലും ടി20 ലോകകപ്പ് ടീമിലെ സ്ഥാനത്തിനായി മത്സരിക്കുന്നുണ്ട്.