ചെന്നൈയെ തോൽപ്പിക്കാൻ മുംബൈയ്ക്ക് കഴിയുമോ? ഇരു ടീമുകൾക്കും ജയം അനിവാര്യം!

Last Updated: വെള്ളി, 26 ഏപ്രില്‍ 2019 (18:06 IST)
ഐ പി എൽ പന്ത്രണ്ടാം സീസണിലെ അടുത്ത കളി ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസും തമ്മിലാണ്. ചേപ്പോക്ക് സ്റ്റേഡിയത്തിൽ ഇന്ന് രാത്രി നടക്കുന്ന കളിയിൽ ഇരു ടീമുകൾക്കും ജയം അനിവാര്യമാണ്. പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ചെന്നൈ ജയിച്ചാൽ പ്ലേ ഓഫ് ഉറപ്പിക്കും.

നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് മുംബൈ ഇന്ത്യൻസ്. പോയിന്റ് ഉയർത്തുക എന്നത് തന്നെയാണ് ഇവരുടെയും ലക്ഷ്യം. അതിനാൽ, ഇന്നത്തെ കളിയിലെ ജയം ഇരു ടീമുകൾക്കും അനിവാര്യമാണ്.

സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ത്രസിപ്പിക്കുന്ന ജയവുമായാണ് ചെന്നൈ മുംബൈയെ നേരിടാനൊരുങ്ങുന്നത്. ചെന്നൈയുടെ ബൌളർമാരാണ് ടീമിന്റെ തുറുപ്പുചീട്ട്. ബാറ്റ്സ്മാന്മാരെല്ലാം ഫോമിലേക്ക് തിരിച്ച് വന്നതിന്റെ ആഘോഷത്തിലാണ് ടീം. ക്യാപ്റ്റന്‍ ധോണിയുടെ സാന്നിധ്യം വിജയസാധ്യത വര്‍ധിപ്പിക്കുന്നു.

രാജസ്ഥാന്‍ റോയല്‍സിനോട് 5 വിക്കറ്റിനു പരാജയം സമ്മതിച്ചുള്ള വരവാണ് മുംബൈയുടേത്. 12 പോയന്റുള്ള മുംബൈയ്ക്ക് ജയിച്ചാല്‍ പ്ലേ ഓഫ് സാധ്യത വര്‍ധിപ്പിക്കാം. ഹാർദ്ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിംഗ് ആണ് പലപ്പോഴും മുംബൈയ്ക്ക് ആശ്വാസമാകുന്നത്. ബാറ്റ്സ്മാന്മാർക്ക് സ്ഥിരതയില്ലാത്തത് ടീമിനെ പ്രതികൂലമായി ബാധിക്കുമോയെന്ന് ഇന്നറിയാം.

രോഹിത് ശർമയോ ധോണിയോ എന്ന് ഇന്നറിയാം. ഈ സീസണിലെ ചെന്നൈയുടെ നാലാമത്തെ മത്സരം മുംബൈയുമായിട്ടായിരുന്നു. 37 റൺസിന് മുംബൈ ജയം ഉറപ്പിക്കുകയായിരുന്നു. ഈ കളിയിലെ പരാജയത്തിന് കണക്ക് തീർക്കുക എന്നൊരു ലക്ഷ്യവും ചെന്നൈയ്ക്കുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :