തെരേസ മെയ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി; കാമറൂണിന്റെ രാജി ബുധനാഴ്ച

പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ച ആന്‍ഡ്രിയ ലെഡ്‌സം ഇന്നലെ പിന്മാറിയതോടെയാണ് പ്രധാനമന്ത്രി സ്ഥാനം തെരേസ ഉറപ്പാക്കിയത്.

ലണ്ടന്‍| PRIYANKA| Last Modified ചൊവ്വ, 12 ജൂലൈ 2016 (09:12 IST)
ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി തെരേസ മേയ് (59) തെരഞ്ഞെടുക്കപ്പെട്ടു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ച ആന്‍ഡ്രിയ ലെഡ്‌സം ഇന്നലെ പിന്മാറിയതോടെയാണ് പ്രധാനമന്ത്രി സ്ഥാനം തെരേസ ഉറപ്പാക്കിയത്. പുതിയ പ്രധാനമന്ത്രിയെ ഉറപ്പായതോടെ ബുധനാഴ്ച രാജിവെയ്ക്കുമെന്ന് ഡേവിഡ് കാമറൂണ്‍ പ്രഖ്യാപിച്ചു. പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത ശേഷമായിരിക്കും കാമറൂണിന്റെ രാജി.

മത്സര രംഗത്തെ പിന്തുണ കുറഞ്ഞു വരുന്നുവെന്ന് വ്യക്തമായതോടെയാണ് ആന്‍ഡ്രിയ പിന്മാറിയത്. പുതിയ നേതാവിനെ തെരഞ്ഞെടുക്കാന്‍ ഒന്നര ലക്ഷത്തോളം വരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്താനിരിക്കെയാണ് ആന്‍ഡ്രിയയുടെ പിന്മാറ്റം. ഓഗസ്റ്റ് രണ്ടാം വാരം പോസ്റ്റല്‍ ബാലറ്റിലൂടെ തെരഞ്ഞെടുപ്പ് നടത്തി സെപ്തംബര്‍ ഒന്‍പതിന് ഫലം പ്രഖ്യാപിക്കാനായിരുന്നു തീരുമാനം.

2010 മുതല്‍ ബ്രിട്ടന്റെ ആഭ്യന്തരമന്ത്രിയായി തുടരുന്ന തെരേസ കണ്‍സര്‍വേറ്റ് എംപിമാരില്‍ അറുപത് ശതമാനത്തിന്റെ (199) പിന്തുണയോടെയായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. 84 പേരായിരുന്നു ആന്‍ഡ്രിയയെ പിന്തുണച്ചത്. നൂറ്റാണ്ട് നീളുന്ന ബ്രിട്ടന്റെ പാര്‍ലമെന്ററി രാഷ്ട്രീയ ചരിത്രത്തില്‍ മാര്‍ഗരറ്റ് താച്ചറിനു ശേഷം എത്തുന്ന വനിതാ പ്രധാനമന്ത്രിയാണ് തെരേസ മേയ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :