ലോകത്തിനു പുതുമാതൃകയായി ഫ്രാന്‍സ്: സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് കടിഞ്ഞാണിട്ടു; വിറ്റു പോകാത്ത ഭക്ഷണസാധനങ്ങള്‍ നശിപ്പിക്കാതെ ആവശ്യക്കാര്‍ക്ക് നല്കണമെന്ന് നിര്‍ദ്ദേശം

പാരിസ്| JOYS JOY| Last Updated: ശനി, 6 ഫെബ്രുവരി 2016 (11:51 IST)
രാജ്യത്തെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് മൂക്കുകയറിട്ട് ഫ്രാന്‍സ്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വിറ്റുപോകാത്ത ഭക്ഷ്യവസ്തുക്കള്‍ നശിപ്പിക്കുന്നതിനെരെയാണ് ഫ്രാന്‍സ് രംഗത്തെത്തിയിരിക്കുന്നത്. വിറ്റുപോകാത്ത ഭക്‌ഷ്യസാധനങ്ങള്‍ നശിപ്പിക്കുന്നതിനു പകരം ആവശ്യക്കാര്‍ക്കോ അല്ലെങ്കില്‍ ഏതെങ്കിലും സന്നദ്ധസംഘടനകള്‍ക്കോ നല്കണമെന്നാണ് നിര്‍ദ്ദേശം.

ഇതിനായി ഫ്രഞ്ച് സര്‍ക്കാര്‍ നിയമവും പാസാക്കി. ഫ്രഞ്ച് സെനറ്റ് ഐക്യഖണ്ഡമായാണ് നിയമം പാസാക്കിയത്. ‘ഫുഡ് വേസ്റ്റ്’ സൂപ്പര്‍ മാര്‍ക്കറ്റ് ലോ, എന്നതാണ് പുതിയ നിയമം. ഭക്ഷണം ആര്‍ക്കും ഉപകാരമില്ലാതെ നശിപ്പിച്ചു കളയുന്നതിനെതിരെ നടന്ന വിവിധ പ്രചാരണപ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് ഇങ്ങനെയൊരു നിയമം പാസാക്കാന്‍
ഫ്രാന്‍സ് തയ്യാറായത്.

അതേസമയം, തങ്ങളുടെ ‘ഫുഡ് വേസ്റ്റ്’ സൂപ്പര്‍ മാര്‍ക്കറ്റ് നിയമം പ്രാബല്യത്തിലാക്കാന്‍ ഫ്രഞ്ച് കൌണ്‍സിലര്‍ യൂറോപ്യന്‍ യൂണിയനെ സ്വാഗതം ചെയ്തു. ഏതായാലും ലോകരാജ്യങ്ങള്‍ക്ക് മികച്ച മാതൃകയാകുകയാണ് ഫ്രാന്‍സിന്റെ പുതിയ നടപടി.

കോടിക്കണക്കിന് ജനങ്ങള്‍ ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതെ വലയുന്ന പുതിയ കാലഘട്ടത്തില്‍ ഫ്രാന്‍സിന്റെ നീക്കം മറ്റ് രാജ്യങ്ങള്‍ മാതൃകയാക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :