നിഹാരിക കെ.എസ്|
Last Modified ഞായര്‍, 23 മാര്‍ച്ച് 2025 (10:58 IST)
ഇസ്രായേൽ തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ ഉന്നത രാഷ്‌ട്രീയ നേതാവ് കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഹമാസ് നേതാവ് സലാഹ് അൽ-ബർദാവീലാണ് കൊല്ലപ്പെട്ടതായി ഹമാസും പാലസ്തീൻ മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തത്. ആക്രമണത്തിൽ ബർദാവീലിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും കൊല്ലപ്പെട്ടു. എന്നാൽ ഇസ്രായേലി ഉദ്യോഗസ്ഥരിൽ നിന്നുള്ള പ്രതികരണം പുറത്തുവന്നിട്ടില്ല.
അതേസമയം, ശനിയാഴ്ച പുലർച്ചെ മുതൽ വിവിധ പ്രദേശങ്ങളിലായി ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 32 പാലസ്തീനികൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. റഫ നഗരത്തിലെ താൽ അൽ-സുൽത്താൻ പരിസരത്ത് ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ടുണ്ട്.
വടക്കൻ ഗാസയിലെ ബെയ്റ്റ് ലാഹിൽ മൂന്ന് പാലസ്തീനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും മൃതദേഹങ്ങൾ ഗാസ മുനമ്പിന്റെ വടക്കൻ ഭാഗത്തുള്ള ഇന്തോനേഷ്യൻ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.