മോസ്‌കോ|
ഗേളി ഇമ്മാനുവല്‍|
Last Modified ബുധന്‍, 25 മാര്‍ച്ച് 2020 (13:07 IST)
റഷ്യയിലെ കുറിൽ ദ്വീപുകളിൽ ബുധനാഴ്‌ച റിക്‍ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. സുനാമി മുന്നറിയിപ്പ് നല്‍കിയെങ്കിലും പിന്നീട് റദ്ദാക്കി.
ജാപ്പനീസ് നഗരമായ സപ്പോരോയിൽ നിന്ന് 1,400 കിലോമീറ്റർ വടക്കുകിഴക്കായി 59 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ്ജിഎസ് കൂട്ടിച്ചേർത്തു. ഏതെങ്കിലും രീതിയിലുള്ള അപകടം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന്റെ 1,000 കിലോമീറ്ററിനുള്ളിൽ അപകടകരമായ സുനാമി തരംഗങ്ങൾ ഉണ്ടായേക്കാമെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം തുടക്കത്തിൽ അറിയിച്ചിരുന്നു. മുൻകാലങ്ങളിൽ ഇതേ ശക്‍തിയിലുള്ള ഭൂകമ്പങ്ങളാണ് പ്രഭവകേന്ദ്രത്തിൽ നിന്ന് വളരെ അകലെ വരെ സുനാമികൾക്ക് കാരണമായത്.
എന്നാല്‍ ഈ ഭൂകമ്പത്തിൽ വളരെ ചെറിയ സുനാമി തിരമാലകൾ മാത്രമാണ് സൃഷ്ടിക്കപ്പെട്ടതെന്നും അതുകൊണ്ടുതന്നെ കൂടുതൽ ഭീഷണിയൊന്നുമില്ലെന്നും പിന്നീട് അധികൃതര്‍ വ്യക്‍തമാക്കി.