തര്‍ക്ക രഹിത ദക്ഷിണേഷ്യയാണ് പാക്കിസ്ഥാന്റെ ലക്ഷ്യം: നവാസ് ഷെരീഫ്

കാഠ്മണ്ഡു| VISHNU.NL| Last Modified ബുധന്‍, 26 നവം‌ബര്‍ 2014 (12:54 IST)
ഇന്ത്യാ- പാക്കിസ്ഥാന്‍ അതിര്‍ഥി തര്‍ക്കങ്ങളെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് പാക്കിസ്ഥാന്‍ പ്രധാന മന്ത്രി നവാസ് ഷെരീഫ് സാര്‍ക്ക് ഉച്ചകോടിയില്‍. തര്‍ക്ക രഹിത ദക്ഷിണേഷ്യയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഷെരീഫ് ഉച്ചകൊടിയെ അഭിസംബോധന ചെയ്യുന്നതിനിടെ പറഞ്ഞത്. തര്‍ക്കരഹിത ദക്ഷിണേഷ്യ രൂപീകരിക്കുകയെന്നത് തങ്ങളുടെ ചുമതലയായിട്ടാണ് കണക്കാക്കുന്നത്. ദേശീയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പരസ്പര വിശ്വാസം ആവശ്യമാണ്- ഷെരീഫ് പറഞ്ഞു.

സാര്‍ക്കിലെ അംഗത്വ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനും ദാരിദ്യ്രത്തിനും രോഗങ്ങള്‍ക്കും നിരക്ഷരതയ്ക്കുമെതിരെ ഒരുമിച്ച് പോരാടാനും ഷെരീഫ് അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു. പാക്കിസ്ഥാനിലെ ജനങ്ങളുടെ പ്രതീക്ഷകളെ സാക്ഷാത്കരിക്കാന്‍ ഉച്ചകോടിക്ക് കഴിയും. സാര്‍ക്ക് ഉച്ചകോടി വിജയകരമാക്കി തീര്‍ക്കാന്‍ പരിശ്രമിച്ച നേപ്പാള്‍ ഭരണകൂടത്തിനും
പ്രധാനമന്ത്രി സുശീല്‍ കൊയ്രാളയ്ക്കും തന്റെ നന്ദി അറിയിക്കുന്നതായി ഷെരീഫ് പറഞ്ഞു.

തീവ്രവാദത്തിനെതിരെ ശക്തമായ പ്രഖ്യാപനമാണ് അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗാനിയും ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്സേയും നടത്തിയത്. രാജ്യത്ത് സമാധാനം നിലനിര്‍ത്തുകയെന്നത് തന്റെ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് അഭിപ്രായപ്പെട്ട അഷ്റഫ് ഗാനി അഫ്ഗാന്‍ മണ്ണില്‍ ആര്‍ക്കെതിരെയും പരോക്ഷമായോ പ്രത്യക്ഷമായോ യുദ്ധം നടത്താന്‍ ആരെയും അനുവദിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ദേശീയ- രാജ്യാന്തര തലങ്ങളില്‍ തീവ്രവാദം ഉയര്‍ത്തുന്ന വെല്ലുവിളി ഏറെ വലുതാണെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ്ര രാജപക്ഷെ ചൂണ്ടിക്കാട്ടി. സാര്‍ക്ക് ഉച്ചകോടിക്ക് പ്രശംസാര്‍ഹമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :