ഉത്തരകൊറിയയ്ക്ക് ദക്ഷിണ കൊറിയ ക്ഷണക്കത്തയച്ചു, ലോകം ഞെട്ടിപ്പോയി

സിയോള്‍| VISHNU N L| Last Modified വെള്ളി, 17 ജൂലൈ 2015 (16:43 IST)
ഇന്ത്യയും പാകിസ്ഥാനും പോലെ തന്നെ തര്‍ക്കങ്ങളും ശത്രുതയും വച്ചുപുലര്‍ത്തുന്ന രാജ്യങ്ങളാണ് ദക്ഷിണ കൊറിയയും ഉത്തര കൊറിയയും. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വല്ലപ്പോഴുമെങ്കിലും ചര്‍ച്ചകള്‍ നടക്കുന്നു എങ്കില്‍ ഇവിടെ അതുപോലും നടക്കുന്നില്ല. എന്നാല്‍ സമധാനത്തിന്റെ വെളിച്ചം വീശിക്കൊണ്ട് ദക്ഷിണ കൊറിയ ഉത്തരകൊറിയന്‍ പ്രതിരോധ സഹമന്ത്രിക്ക് അയച്ച ക്ഷണം ചര്‍ച്ചകള്‍ക്കായി ക്ഷണം നടത്തിയത് ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ വാര്‍ത്തയായിരിക്കുകയാണ്.

ദക്ഷിണ കൊറിയന്‍ പ്രതിരോധ സഹമന്ത്രി ബീക്ക് സിയങ് ജൂവാണ് സിയോളില്‍ സപ്തംബറില്‍ നടക്കുന്ന അന്താരാഷ്ട്ര സുരക്ഷാ യോഗത്തില്‍ പങ്കെടുക്കാന്‍ ഉത്തരകൊറിയന്‍ പ്രതിരോധ സഹമന്ത്രിക്ക് ക്ഷണം അയച്ചിരിക്കുന്നത്. 2012 മുതല്‍ നടന്നുവരുന്ന അന്താരാഷ്ട്ര സുരക്ഷാ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ഉത്തരകൊറിയക്ക് ആദ്യമായാണ് ക്ഷണം ലഭിക്കുന്നത്.

യു.എസ് - ദക്ഷിണകൊറിയന്‍ സംയുക്ത സൈനിക അഭ്യാസപ്രകടനങ്ങള്‍ക്കിടെ ഉത്തരകൊറിയ നടത്തിയ മിസൈല്‍ പരീക്ഷണങ്ങള്‍ സംഘര്‍ഷസാധ്യത ഉളവാക്കിയിരുന്നു. തങ്ങളുടെ രാജ്യത്തെ മനുഷ്യാവകാശലംഘനങ്ങള്‍ പഠിക്കാന്‍ സിയോളില്‍ ഐക്യരാഷ്ട്ര സഭ ഓഫീസ് തുറന്നത് ഉത്തരകൊറിയയെയും അലോസരപ്പെടുത്തിയിരുന്നു.

ഇരുരാജ്യങ്ങളും സംയുക്തമായി നടത്തുന്ന കയ്‌സോങ് വ്യാപാരമേഖലയിലെ തൊഴിലാളികളുടെ വേതനത്തെചൊല്ലിയുള്ള തര്‍ക്കവും ഇരുരാജ്യങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. ഇതിനിടെയാണ് സാധ്യതകളുടെ വാതായനങ്ങള്‍ തുറന്നിരിക്കുന്നത്. യു.എസ്, ചൈന ജപ്പാന്‍ എന്നിവയടക്കം 32 രാജ്യങ്ങളാണ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്. എന്നാല്‍ ഉത്തരകൊറിയയുടെ പ്രതികരണം ഇതേ വരെ അറിവായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :