നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, പുതിയ വൈറസ് നിയന്ത്രണാതീതമല്ലെന്ന് ലോകാരോഗ്യ സംഘടന

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 22 ഡിസം‌ബര്‍ 2020 (11:06 IST)
ജനീവ: ബ്രിട്ടണിൽ കണ്ടെത്തിയ അതി വ്യാപന ശേഷിയുള്ള കൊവിഡ് വൈറസ് നിയന്ത്രണവിധേയമാക്കാൻ സാധിയ്ക്കും എന്ന് ലോകാരോഗ്യ സംഘടന. വൈറസിന്റെ വ്യാപന ശേഷി കൂടുതലാണ് എങ്കിലും നിലവിലുള്ള പ്രതിരോധ മാർഗങ്ങൾ തനെ കർശനമായി പിന്തുടർന്ന് വൈറസിനെ നിയന്ത്രിയ്ക്കാൻ സാധിയ്ക്കുമെന്ന് ഡബ്ല്യുഎച്ച്ഒ അടിയന്തര വിഭാഗം മേധാവി മൈക്കൽ റയാൻ പറഞ്ഞു.

'കൊവിഡ് വ്യാപനത്തിനെ വിവിധ ഘട്ടങ്ങളിൽ വൈറസിന്റെ വ്യാപന നിരക്ക് ഇതിലുമധികം വർധിയ്ക്കുന്നത് നമ്മൽ കണ്ടിട്ടുണ്ട്. അത് നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടുമുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഒന്നുമില്ല, എന്നാൽ നിസ്സാരമായി കാണുകയും ചെയ്യരുത്. ശരിയായ രീതിയിൽ തന്നെയാണ് പുതിയ വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ടുനീങ്ങുന്നത്. ഇപ്പോൾ ചെയ്യുന്ന പ്രതിരോധ പ്രവർത്തനങ്ങൾ കർശനമായി കുറച്ചുകാലം കൂടി മുന്നോട്ടു കൊണ്ടുപോയാൽ വൈറസിനെ നിയന്ത്രിയ്ക്കാനാകും.' മൈക്കൾ റയാൻ വ്യക്തമാക്കി.

പുതിയ വൈറസ് നിയന്ത്രണാതീതമാണെന്നും ബ്രിട്ടണിൽ സ്ഥിതി ഗുരുതരമാണെന്നും അതി വ്യാപന ശേഷിയുള്ള വൈറസിനെ കണ്ടെത്തിയതിന് പിന്നാലെ ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞിരുന്നു. അതി വ്യാപന ശേഷിയുള്ള വൈറസിന്റെ സാനിധ്യം കണ്ടെത്തിയതിന് പിന്നാലെ ഇന്ത്യ ഉൾപ്പടെ നിരവധി രാജ്യങ്ങൾ ബ്രിട്ടണിലേയ്ക്കുള്ള വിമാന സർവിസുകൾ റദ്ദാക്കിയിരിയ്ക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :