മോഡിയെ അമേരിക്ക മോടിയോടെ സ്വീകരിച്ചു, ഷെരീഫിനു ലഭിച്ചത് അവഗണന: പാക് പത്രം

ഇസ്ളാമാബാദ്| VISHNU N L| Last Modified ചൊവ്വ, 29 സെപ്‌റ്റംബര്‍ 2015 (14:15 IST)
ഇന്ത്യന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ പ്രധാനമന്ത്രിയും അമേരിക്കയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒരേസമയം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അമേരിക്കയില്‍ താര പരിവേഷം ലഭിച്ചപ്പോള്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനു ലഭിച്ചത് അവഗണനയായിരുന്നു. പാക് ദിനപത്രമായ ദി നേഷന്‍ ആണ് മോഡിയുടെയും ഷെരീഫിന്റെയും അമേരിക്കന്‍ സന്ദര്‍ശനത്തേ താരതമ്യം ചെയ്ത് രംഗത്ത് വന്നത്.

ന്യൂയോർക്കിൽ മോഡിക്ക് പലയിടങ്ങളിലായി വേദി ലഭിച്ചപ്പോൾ ഷെരീഫിന് ലഭിച്ചത് യു.എന്നിന്റെ വേദി മാത്രമാണ്. ഗുഗിൾ, ഫേസ്ബുക്ക് അടക്കമുള്ള വേദികളിൽ മോഡി മോടിയോടെ തന്നെ തിളങ്ങി. അമേരിക്കയിലെ ഇന്ത്യൻസമൂഹത്തോടെ സംവദിക്കുന്നതിന് മോഡി പ്രാമുഖ്യം നൽകിയപ്പോൾ, നവാസ് ഷെരീഫാകട്ടെ അമേരിക്കയുടെ പ്രസിഡന്റ് ബറാക് ഒബാമയോട്, പാകിസ്ഥാന്റെ രാഷ്ട്രഭാഷയായ ഉറുദ്ദുവിൽ സംസാരിക്കുന്നത് സംബന്ധിച്ച ആലോചനയിലായിരുന്നു. പടിഞ്ഞാറൻ മേഖലയ്ക്കായി പുതിയ കാര്യങ്ങൾ ഒന്നും തന്നെ പാകിസ്ഥാന് മുന്നോട്ട് വയ്ക്കാനായില്ലെന്നും പത്രം പറയുന്നു.

ജനങ്ങളെ കൈയിലെടുക്കാനുള്ള മോഡിയുടെ പൊടിക്കൈകളും പ്രവർത്തന രീതികളും പാകിസ്ഥാൻ നിർബന്ധമായും മനസിലാക്കാൻ ശ്രമിക്കണമെന്നും പത്രം പറയുന്നു. അസാധാരണമായ ടൈമിംഗുള്ള വ്യക്തിയാണ് മോഡി. ശത്രുക്കളെ പോലും സാമർത്ഥ്യത്തോടെ കൈയിലെടുക്കും. പടിഞ്ഞാറൻ മേഖലയിൽ പാകിസ്ഥാന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തണമെന്ന ശക്തമായ ആവശ്യവും പത്രം മുന്നോട്ട് വയ്ക്കുന്നുണ്ട്.
ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ഉച്ചകോടിയിൽ പങ്കെടുക്കാനായിരുന്നു മോഡിയും ഷെരീഫും അമേരിക്കയിലെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :