ലണ്ടൻ|
aparna shaji|
Last Modified വ്യാഴം, 21 ജൂലൈ 2016 (11:38 IST)
ഇന്ത്യൻ അധികൃതർ തന്നെ വേട്ടയാടുന്നുവെന്ന് വ്യവസായി വിജയ് മല്യ. തനിക്കൊന്നും ഒളിച്ചുവെക്കാനില്ല, ചോദ്യം ചെയ്യേണ്ടവർക്ക് ലണ്ടനിലെത്തി ചോദ്യം ചെയ്യാം. ചോദ്യങ്ങൾ ഇ മെയിൽ വഴി അയച്ചാലും താൻ മറുപടി നൽകും. തന്റെ പാസ്പോർട്ട് റദ്ദാക്കിയതിനാൽ ഇന്ത്യയിലേക്കെത്താൻ കഴിയില്ലെന്നും മല്യ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇന്ത്യയിൽ അന്വേഷണ സംഘങ്ങൾ രാഷ്ട്രീയക്കാരുടെ കയ്യിലെ ആയുധങ്ങൾ മാത്രമാണ്. 1985 ലാണ് തനിക്കെതിരെ ആദ്യമായി അന്വേഷണമുണ്ടാകുന്നത്. രണ്ടു വർഷത്തെ അന്വേഷണത്തിന് ശേഷം തെളിവുകൾ ഒന്നും ലഭിക്കാത്തതിനെതുടർന്ന് കുറ്റവിമുക്തനാക്കുകയായിരുന്നുവെന്നും മല്യ വ്യക്തമാക്കി.
വിവിധ ബാങ്കുകളിൽ നിന്നുമായി 9000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ രാജ്യം വിട്ട മല്യയെ തിരിച്ചുകൊണ്ടുവരാൻ ഇന്ത്യൻ അന്വേഷണ സംഘം ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞില്ല. പല തവണ സമൻസ് അയച്ചിട്ടും മല്യ ഹാജരായില്ല. ഇതിനെതുടർന്ന് മല്യക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി മല്യയുടെ പാസ്പോർട്ട്
ഇന്ത്യ റദ്ദാക്കിയിരുന്നു.