സൂറിച്ച്|
JOYS JOY|
Last Modified ചൊവ്വ, 12 ജനുവരി 2016 (08:37 IST)
കാല്‍പന്തുകളിയുടെ രാജകുമാരന്‍ ഇതിഹാസമാകുന്നു. അഞ്ചാം തവണയും ലോക ഫുട്‌ബോളര്‍ പദവി അര്‍ജന്റീനയുടെ ലയണല്‍ മെസിക്ക് സ്വന്തം. പോര്‍ച്ചുഗല്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോയെയും ബ്രസീല്‍ താരം നെയ്‌മറിനെയും പിറകിലാക്കിയാണ് മെസി അഞ്ചാം തവണയും നേട്ടം സ്വന്തമാക്കിയത്. ‘ഫിഫ പ്ലയര്‍ ഓഫ് ദ ഇയര്‍’ പുരസ്കാരം ഒരു തവണയും പുരസ്കാരം പേരു മാറ്റി ‘ബാലണ്‍ ഡി ഓര്‍’ ആയപ്പോള്‍ നാലുതവണയുമാണ് മെസി ലോക ഫുട്‌ബോളര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്.
ഫിഫ ആസ്ഥാനമായ സൂറിച്ചില്‍ വെച്ചു നടന്ന ചടങ്ങിലാണ് രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മെസി ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയത്. വോട്ടിങ്ങില്‍ 41.33 ശതമാനം പേരുടെ പിന്തുണ മെസിക്ക് ലഭിച്ചപ്പോള്‍ ക്രിസ്റ്റ്യാനോക്ക് 27.76 ശതമാനവും നെയ്മറിന് 7.86 ശതമാനവും വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ സീസണില്‍ ക്ലബ് ആയ ബാഴ്സലോണക്ക് അഞ്ച് കിരീടം സമ്മാനിച്ചതും അര്‍ജന്‍റീനയെ കോപ അമേരിക്ക ഫൈനലിലത്തെിച്ചതുമാണ് മെസിക്ക് നേട്ടമായത്.
2009ലാണ് ഫിഫ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം നേടി മെസി ആദ്യമായി ലോക ഫുട്‌ബോളര്‍ ആയത്. പിന്നീട്, പുരസ്കാരം പേരുമാറ്റി ബാലണ്‍ ഡി ഓര്‍ ആക്കിയപ്പോള്‍ 2010, 2011, 2012 വര്‍ഷങ്ങളിലും പട്ടം ആര്‍ക്കും വിട്ടുകൊടുത്തില്ല. 2013, 2014 വര്‍ഷങ്ങളില്‍ പോര്‍ച്ചുഗല്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് ആയിരുന്നു ബാലണ്‍ ഡി ഓര്‍. ഏതായാലും, ഇത്തവണ ബാലണ്‍ ഡി ഓര്‍ തിരിച്ചു പിടിച്ചതോടെ ക്രിസ്ത്യാനോയുടെ ഹാട്രിക് മോഹത്തിനാണ് മെസി തടസമായത്.