Last Updated:
വെള്ളി, 24 ഒക്‌ടോബര്‍ 2014 (13:22 IST)
ഒന്‍പതു മാസത്തിനിടെ നാലു കുഞ്ഞുങ്ങള്‍. നെറ്റി ചുളിക്കേണ്ട, യു കെയിലെ കെന്റിലെ ക്രേഫോര്‍ഡില്‍ താമസിക്കുന്ന സാറ വാര്‍ഡും ബെന്‍ സ്മിത്തുമാണ് ആ അപൂര്‍വഭാഗ്യം സിദ്ധിച്ച മാതാപിതാക്കള്‍. എന്തായാലും മൂത്ത കുട്ടി ഫ്രെഡി ഭയങ്കര സന്തോഷത്തിലാണ്. കാരണം ജനിച്ചു ഒന്‍പതു മാസമായപ്പോഴേ കുഞ്ഞു ഫ്രെഡി കുടുംബത്തിലെ വല്യേട്ടനായി. ഫ്രെഡിയോടൊത്ത് കളിക്കാന്‍ സ്റ്റാന്‍ലി, റെഗി എന്നീ രണ്ട് അനുജന്മാരും കൊച്ചുസുന്ദരി ഡെയ്സിയെന്ന കുഞ്ഞുപെങ്ങളും.
സാറയുടെ ആദ്യത്തെ കുട്ടി ഫ്രെഡിക്ക് ഒന്‍പതു മാസമായപ്പോഴാണ് മൂവര്‍സംഘത്തിന്റെ പിറവി. 2013 ജൂണില്‍ ഫ്രെഡി ജനിച്ച് ഏതാനും ആഴ്ചകള്‍ കഴിഞ്ഞയുടന്‍ സാറ വീണ്ടും ഗര്‍ഭിണിയായി. വയറ്റിലുള്ളത് ഒന്നും രണ്ടുമല്ല മൂന്നുപേരെന്ന് അറിഞ്ഞപ്പോള്‍ അവര്‍ ആഹ്ലാദരായി.
ഡോക്ടര്‍മാര്‍ ഏതെങ്കിലും ഒരു ഭ്രൂണത്തെ ഒഴിവാക്കിയുള്ള ഗര്‍ഭച്ഛിദ്രം നിര്‍ദേശിച്ചെങ്കിലും സാറയും ബെന്നും വഴങ്ങിയില്ല. പത്തു മാസം തികയും മുന്‍പേ മൂവരും ശസ്ത്രക്രിയയിലൂടെ പുറത്തെത്തി. പോസ്റ്റ് ഓഫിസ് ജീവനക്കാരനാണു മുപ്പത്തൊന്നുകാരനായ ബെന്‍. 29 വയസുള്ള സാറ ഒരു കെയര്‍ ഹോം മാനേജരായിരുന്നു. ഇപ്പോള്‍ നാല്‍വര്‍ സംഘത്തെ നല്ലവഴിക്കു നടത്തുകയാണ് പണി.