വ്യാഴം ഒളിപ്പിച്ചുവച്ചിരിക്കുന്ന രഹസ്യങ്ങളുടെ ചുരുളഴിക്കുക എന്ന ലക്ഷ്യത്തോടെ ജൂനോ വ്യാഴത്തിന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. ഈയൊരു നിമിഷത്തിനായി ശാസ്ത്ര ലോകം കാത്തിരുന്നത് അഞ്ച് വര്‍ഷവും. ഒരൊറ്റ സെക്കന്റ് പാളിയിരുന്നുവെങ്കില്‍ അഞ്ച് വര്‍ഷത്തെ കഠിനാധ്വാനവും 113 കോടിയും എരിഞ്ഞടങ്ങിയേനെ. പക്ഷെ ശാസ്ത്രലോകത്തിന്റെ പ്രതീക്ഷകള്‍ക്കും കാത്തിരിപ്പിനുമൊപ്പം അനുസരണയുള്ള ശിഷ്യയെപ്പോലെ ജൂനോ വിജയത്തിലേക്ക് കുതിച്ചു. ഒടുവില്‍ ജൂലൈ അഞ്ചിന് സൗരൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ ഭ്രമണ പഥത്തിലേക്ക് കടന്ന് ജൂനോ ചരിത്രം കുറിച്ചിരിക്കുന്നു.
2011 ഓഗസ്റ്റ് അഞ്ചിന് ഫ്‌ലോറിഡയിലെ കെന്നഡി ബഹിരാകാശ നിലയില്‍ത്തില്‍ നിന്നാണ് ജൂനോ വിക്ഷേപിച്ചത്. വ്യാഴത്തിന്റെ സങ്കലനം, ഉപരിതല ഗുരുത്വാകര്‍ഷണം, കാന്തഗുണം, എന്നിവയെക്കുറിച്ചുള്ള പഠനമാണ് ലക്ഷ്യം. റോമന്‍ ദേവനായ ജൂപിറ്ററിന്റെ ഭാര്യയും സഹോദരിയുമായ ജൂനോ ദേവതയുടെ പേരാണ് ദൗത്യത്തിന് നല്‍കിയത്. 2018 ഫെബ്രുവരിയില്‍ ജൂനോ വ്യാഴത്തിന്റെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച് ദൗത്യം അവസാനിപ്പിക്കും.
അഞ്ച് വര്‍ഷം നീണ്ട നാസയുടെ കാത്തിരിപ്പിന് ഈ വര്‍ഷത്തെ ഏറ്റവും വലിയ 'സ്‌പെയ്‌സ് ഇവന്റ്' എന്ന ബഹുമതി കൂടി ജൂനോ സമ്മാനിച്ചു. സൗരയൂഥത്തിലെ ഏറ്റവും ശക്തിയേറിയ റേഡിയേഷന്‍ വരുന്നത് വ്യാഴത്തില്‍ നിന്നാണ്. ഈ ഗ്രഹത്തിനും ചുറ്റം അതീവശക്തിയുള്ള കാന്തിക മണ്ഡലവുമുണ്ട്. സൂര്യനു ചുറ്റും വ്യാഴത്തിന്റെ കറക്കവും അതീവ വേഗത്തില്‍ തന്നെ. ഈ കടമ്പകളെല്ലാം കടന്ന് ജൂണോ വിജയപഥത്തിലേറുമോ എന്ന കാര്യത്തില്‍ ശാസ്ത്രലോകത്തിന് കൃത്യമായ ഉറപ്പ് ഉണ്ടായിരുന്നില്ല. ഈ കടമ്പകളെല്ലാം തരണം ചെയ്യാന്‍ സാധിക്കുന്ന ഒരു കവചിത ടാങ്കില്‍ ജൂനോയുടെ പ്രധാന ഭാഗങ്ങളെല്ലാം സൂക്ഷിച്ചാണ് പേടകത്തെ നാസ വിക്ഷേപിച്ചത്.
ഇന്ത്യന്‍ സമയം ഇന്നലെ രാത്രി അര്‍ദ്ധരാത്രിയോടെയാണ് വ്യാഴത്തിനരികിലേക്ക് ജൂണോ എത്തിയത്. ഗ്രഹത്തിന്റെ അസാധാരണമായ ഭൂഗുരുത്വാകര്‍ഷണം കാരണം ജൂനോയുടെ വേഗത പതിന്മടങ്ങ് വര്‍ദ്ധിച്ചു. മണിക്കൂറില്‍ പേടകത്തിന്റെ വേഗത 1.50 ലക്ഷം മീറ്റര്‍ ആയി മാറി. വേഗത 1.65 ലക്ഷം മീറ്ററിലെത്തിയതോടെ എന്‍ജിന്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ജൂനോ പേടകത്തിന്റെ മാത്രം ഭാരം 1600 കിലോഗ്രാമാണ്. പേടകവുമായുള്ള യാത്രയ്ക്കിടെ വേഗം വര്‍ദ്ധിപ്പിക്കാന്‍ 35 മിനിറ്റു നേരമാണ് എന്‍ജിന്‍ ജ്വലിപ്പിച്ചത്. ആ അരമണിക്കൂര്‍ നേരം കൊണ്ട് 7,900 കിലോഗ്രാം ഇന്ധനം ബ്രിട്ടീഷ് നിര്‍മ്മിത എന്‍ജിന്‍ ഉപയോഗിച്ചു. ജൂനോ വ്യാഴത്തിന്റെ ഭ്രമണ പഥത്തില്‍ പ്രവേശിക്കുമ്പോള്‍ ജൂനോയുടെ പ്രധാന ആന്റിന ഭൂമിയുടെ നേരെയായിരുന്നില്ല. എന്നാല്‍ പേടകത്തിന്റെ ലോഗെയിന്‍ ആന്റിനയില്‍ നിന്നുള്ള ചെറുസിഗ്‌നല്‍ ഭൂമിയിലെത്തി. ഇനി കൂടുതല്‍ സിഗ്‌നലുകളും വിവരങ്ങളും ജൂനോ ഭൂമിയിലേക്ക് അയക്കും. അവയെല്ലാം ബഹിരാകാശ ശാസ്ത്രത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലുകളായി മാറുകയും ചെയ്യും.