ഇസ്ലാമാബാദ്|
VISHNU N L|
Last Modified ബുധന്‍, 8 ജൂലൈ 2015 (18:15 IST)
മുംബൈ ഭീകരാക്രമണക്കേസിലെ സൂത്രധാരന്‍ ഹാഫിസ് സെയ്‌ദ് നേതൃത്വം നല്‍കുന്ന ജമാത്ത് ഉദ്ദവയ്ക്ക് ലഷ്‌കറെ തോയിബയുമായി ബന്ധമില്ലെന്ന് പാകിസ്ഥാന്‍. ജമാത്ത് ഉദ്ദവയും ലഷ്‌കറെ തോയിബയും തമ്മിലുള്ള ബന്ധം സ്‌ഥിരീകരിക്കുന്നതിന് പാകിസ്‌താന് ഒരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് പാക് ആഭ്യന്തര സഹമന്ത്രി ജനറല്‍ അബ്‌ദുള്‍ ക്വദീര്‍ ബലോച് പറഞ്ഞത്. പാകിസ്ഥാന്‍ പാര്‍ലമെന്റില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ആശുപത്രികള്‍, ക്ലിനിക്കുകള്‍, സ്‌കൂളുകള്‍, ആംബുലന്‍സ് സര്‍വീസ്, മതപരമായ സ്‌ഥാപനങ്ങള്‍ തുടങ്ങിയിലൂടെ സാമുഹ്യ സന്നദ്ധ സേവനം നടത്തുകയാണ് ജമാത്ത് ഉദ്ദവ ചെയ്യുന്നതെന്നും പാക് സര്‍ക്കാര്‍ പറയുന്നു. ജമാത്ത് ഉദ്ദവയുടെ സ്‌ഥാപനങ്ങള്‍ 2008 മുതല്‍ 2010 വരെ സര്‍ക്കാര്‍ അടച്ചിട്ടുവെങ്കിലൂം ലഹോര്‍ കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് തുറന്നുകൊടുത്തു.
2003 നവംബര്‍ 15 മുതല്‍ ജമാത്ത് ഉദ്ദവ അധികൃതരുടെ നിരീക്ഷണത്തിലാണ്. തീവ്രവാദ വിരുദ്ധ നിയമത്തിലെ സെക്ഷന്‍ 11-ഡി പ്രകാരമാണ് ജമാത്ത് ഉദ്ദവയെ സര്‍ക്കാര്‍ നിരീക്ഷിക്കുന്നത്. സംഘടനയ്‌ക്ക് ഭീകരബന്ധമുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ ലഭിച്ചാല്‍ മാത്രമേ സര്‍ക്കാരിന് നടപടിയെടുക്കാന്‍ കഴിയൂ. സംശയം തോന്നിയാല്‍ സംഘടനയെ നിരീക്ഷിച്ചുകൊണ്ടിരിക്കുമെന്നും പാക് സര്‍ക്കാര്‍ പറയുന്നു. അതിനാല്‍ സംഘടനയെ നിരോധിക്കാനുള്ള സാധ്യതയും സര്‍ക്കാര്‍ തള്ളിക്കളഞ്ഞു.