ചര്‍ച്ച റദ്ദാക്കണോയെന്ന് ഇന്ത്യക്ക് തീരുമാനിക്കാം: പാകിസ്ഥാന്‍

ഇന്ത്യ പാക് ചര്‍ച്ചകള്‍ , പാകിസ്ഥാന്‍ , സർതാജ് അസീസ് , സുഷമ സ്വരാജ്
കറാച്ചി| jibin| Last Updated: ശനി, 22 ഓഗസ്റ്റ് 2015 (14:54 IST)
ഇന്ത്യ പാക് ചര്‍ച്ചകള്‍ക്ക് വഴിമുടക്കുന്ന പ്രസ്‌താവനകളുമായി പാകിസ്ഥാന്‍ രംഗത്ത്. അടുത്ത ദിവസം നടക്കാനിരിക്കുന്ന ഇരു രാജ്യങ്ങളുടെയും ദേശീയ ഉപദേഷ്ടാക്കളുടെ ചര്‍ച്ച റദ്ദാക്കണോയെന്ന് ഇന്ത്യക്ക് തീരുമാനിക്കാമെന്ന് പാക് സുരക്ഷാ ഉപദേഷ്ടാവ് സർതാജ് അസീസ്. ഇന്ത്യയാണ് പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. ഏത് ചര്‍ച്ചകള്‍ക്കും പാകിസ്ഥാന്‍ തയ്യാറാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അതേസമയം, വൈകുന്നേരം നാല് മണിക്ക് സുഷമ സ്വരാജ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കും

അതേസമയം, കശ്മീരാണ് പ്രധാന തർക്ക വിഷയമെന്ന് എല്ലാവർക്കും അറിയാവുന്നതാണെന്നും സർതാജ് അസീസ് വ്യക്തമാക്കി. എന്നാൽ, ഇത് അംഗീകരിക്കാൻ ഇന്ത്യ തയാറാകുന്നില്ല. കശ്മീർ വിഷയം ഉൾപ്പെടുത്താതെ ഇന്ത്യയുമായി ഗൗരവതരമായ ഒരു ചർച്ചയും സാധ്യമല്ലെന്നും അദേഹം വ്യക്തമാക്കി. ഹുറിയത് നേതാക്കളുമായി ചർച്ച നടത്താനുള്ള തീരുമാനത്തിൽ മാറ്റമില്ല. ഹുറിയത് നേതാക്കളെ കരുതൽ തടങ്കലിലാക്കിയെന്ന വാർത്ത ആശങ്കാജനകമാണ്. ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അദേഹം ആരോപിച്ചു.

ഭീകരവാദം പ്രോത്സാഹപ്പിക്കുന്നത് പാക്കിസ്ഥാനല്ല, ഇന്ത്യയാണെന്നും സുരക്ഷാ ഉപദേഷ്ടാക്കളുടെ ചർച്ചയിൽ ഇതിന് തെളിവുകൾ കൈമാറുമെന്നും അദേഹം വ്യക്തമാക്കി. ഇന്ത്യൻ രഹസ്യാന്വേഷണ സംഘടനയായ റോ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതിന്റെ തെളിവുകളും കൈമാറും. സമാധാനം ഉറപ്പാക്കുകയെന്നത് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും കൂട്ടുത്തരവാദിത്തമാണെന്നും അദേഹം ചൂണ്ടിക്കാട്ടി.

വിഘടനവാദികൾക്ക് പാക്കിസ്ഥാൻ ദേശീയസുരക്ഷാ ഉപദേഷ്ടാവ് സർതാജ് അസീസുമായി കൂടിക്കാഴ്ച നടത്താൻ അവസരമൊരുക്കിയതാണ് ഇന്ത്യയെ ചൊടുപ്പിച്ചത്. ഇന്ത്യയിലെ ഹുറിയത് നേതാക്കൾക്ക് സർതാജ് അസീസുമായി കൂടിക്കാഴ്ച നടത്താൻ അവസരമൊരുക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

അതിന് പിന്നാലെ മുംബൈ സ്‌ഫോടന കേസിലെ മുഖ്യപ്രതിയും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലുണ്ടെന്നതിന്റെ വ്യക്തമായ തെളിവുകള്‍ ഇന്ത്യ ഇന്ന് പുറത്ത് വിട്ടിരുന്നു. കറാച്ചിയിലെ ക്ലിഫ്ടൺ റോഡിലെ വസതിയിലാണ് ദാവൂദ് താമസിക്കുന്നതെന്ന് വ്യക്തമാക്കിയ ഇന്ത്യ അധോലോകനായന്റെ ഏറ്റവും പുതിയ ചിത്രവും പുറത്തുവിട്ടു. ഈ തെളിവുകള്‍ ഇന്ത്യ- പാക് ഉപദേഷ്‌ടാക്കളുടെ ചര്‍ച്ചയില്‍ ഇന്ത്യ പാകിസ്ഥാന് കൈമാറുമെന്ന സാഹചര്യത്തിലാണ് ചര്‍ച്ച റദ്ദാക്കണോയെന്ന് ഇന്ത്യക്ക് തീരുമാനിക്കാമെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കിയത്.

അതേസമയം, പാകിസ്ഥാൻ ദേശീയസുരക്ഷാ ഉപദേഷ്ടാവുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഡൽഹിയിലെത്തിയ ജമ്മു കാശ്‌മീർ വിഘടനവാദി നേതാവ് ഷബീർ ഷായെ വിമാനത്താവളത്തിൽ വച്ച് കസ്റ്റഡിയിലെടുത്തു. രാവിലെ ഡൽഹിയിലേക്ക് യാത്ര തിരിച്ച ഷായെ ഉച്ചയ്ക്ക് 12.50ഓടെയാണ് അറസ്റ്റു ചെയ്തത്. ഹുറിയത്തുമായി ചർച്ച നടത്താനുള്ള പാകിസ്ഥാന്റെ നിലപാടിൽ മാറ്രം വരാത്തതിനെ തുടർന്നാണ് ഷായെ അറസ്റ്റു ചെയ്ത് കൂടിക്കാഴ്ച വിഫലമാക്കാൻ സർക്കാർ തീരുമാനിച്ചത്.

ഹുറിയത്തിന്റെ നേതാക്കളെ പാകിസ്ഥാൻ ചർച്ചയ്ക്ക് ക്ഷണിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം കാശ്‌മീരിലെ വിഘടനവാദി നേതാക്കളെ വീട്ടുതടങ്കലിലാക്കിയിരുന്നു. ഹുറിയത്ത് നേതാക്കളായ ഹുറിയത് നേതാക്കളായ മിർവായിസ് ഉമർ ഫാറൂഖ്, മൗലാനാ മുഹമ്മദ് അബ്ബാസ് അൻസാരി, മുഹമ്മദ് അഷ്റഫ് സെഹ്രായ്, ഷബീർ അഹമ്മദ് ഷാ, അയാസ് അക്ബർ എന്നിവരെയാണ് വീട്ടുതടങ്കലിലാക്കിയത്. എന്നാല്‍ രണ്ടു മണിക്കൂറുകള്‍ക്ക് ശേഷം ഇവരെ സ്വതന്ത്രമാക്കുകയും ചെയ്‌തിരുന്നു.

2014ൽ പാക്ക് ഹൈക്കമ്മിഷണർ വിഘടനവാദികളുമായി ചർച്ച നടത്തിയതിനെത്തുടർന്ന് അന്നു ചേരാനിരുന്ന വിദേശകാര്യ സെക്രട്ടറി തല ചർച്ച ഇന്ത്യ റദ്ദാക്കിയിരുന്നു. റഷ്യയിലെ ഊഫയില്‍ ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യ -പാക് സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച നടത്താന്‍ ധാരണയായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :