അമേരിക്ക|
aparna shaji|
Last Modified ശനി, 7 ജനുവരി 2017 (07:33 IST)
അമേരിക്കയിലെ ഫ്ളോറിഡയിലെ ലോഡര്‍ഡേല്‍-ഹോളിവുഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അക്രമി നടത്തിയ വെടിവയ്പിൽ അഞ്ചുപേർ മരിച്ചു. 13 പേർക്കു പരുക്കേറ്റു. വെടിവച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരുക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ.
വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചക്ക് 12.55ഓടെയാണ് സംഭവം. സംഭവത്തിന്റെ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അക്രമിക്കു വെടിയേറ്റതായും റിപ്പോർട്ടുണ്ട്. അതേസമയം, ഇരുപതു വയസു വരുന്നയാളാണ് അക്രമിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലിനടുത്താണ് വെടിവെപ്പുണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. വെടിയൊച്ച കേട്ടയുടന്‍ അവിടെയുണ്ടായിരുന്ന യാത്രക്കാരെല്ലാം ചിതറിയോടുകയായിരുന്നുവത്രെ. വിമാനത്താവളത്തിലെ തറയിൽ വെടിയേറ്റ നിരവധി പേർ കിടക്കുന്നതിന്റെ ദൃശ്യങ്ങൾ മയാമിയിലെ ടിവി ചാനലുകൾ പുറത്തുവിട്ടു.
സംഭവത്തെപ്പറ്റി
ഫ്ലോറിഡ ഗവർണറുമായി സംസാരിച്ചെന്നും നടപടികൾക്കു നിർദേശം നൽകിയെന്നും നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ധാരാളം വിനോദസഞ്ചാരികൾ എത്തുന്നതാണ് മയാമി മേഖലയിലുള്ള ഫോർട്ട് ലോഡർഡെയ്‌ൽ വിമാനത്താവളം.