ഗ്രീസ് തേങ്ങുകയാണ്; തലവര മാറ്റിമറിച്ചത് 2008-2009 വര്‍ഷങ്ങള്‍

 ഗ്രീസ് , സാമ്പത്തിക പ്രതിസന്ധി , യൂറോസോണ്‍ , അലക്‌സിസ് സിപ്രസ് , ഐ എം എഫ്
ജിബിന്‍ ജോര്‍ജ്| Last Updated: ശനി, 4 ജൂലൈ 2015 (16:59 IST)
ജനാധിപത്യത്തിന്റെ ഈറ്റില്ലമെന്ന് അറിയപ്പെടുന്നതിനൊപ്പം ഒരുപാട് ചരിത്രങ്ങള്‍ സ്വന്തമായുള്ള രാജ്യമാണ് ഗ്രീസ്. എന്നാല്‍ ഇന്ന് ഗ്രീസ് കടുത്ത സാമ്പത്തിക വിഷമത്തിലാണ്. യൂറോസോണ്‍ രാജ്യങ്ങളുടെ കാല്‍ക്കല്‍ വീഴേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. ഏതാണ്ട് 180 കോടി ഡോളറിന്റെ കടക്കെണിയിലായ രാജ്യത്തെ രക്ഷിച്ചെടുക്കാന്‍ യൂറോസോണ്‍ അടക്കമുള്ള വമ്പന്‍മാര്‍ കനിയണം. എന്നാല്‍ സാഹചര്യം മുതലെടുത്ത് യൂറോസോണ്‍ തങ്ങളെ സമ്മര്‍ദ്ദത്തിലാക്കുകയും ഭീഷണിപ്പെടുത്തുകയുമാണെന്നാണ് പ്രധാനമന്ത്രി അലക്‌സിസ് സിപ്രസ് വ്യക്തമാക്കുന്നത്. എന്നാല്‍ ഗ്രീസിന്റെ തകര്‍ച്ചയ്‌ക്ക് വഴിവെച്ച കാരണങ്ങള്‍ 2008-09ല്‍ യൂറോസോണ്‍ രാജ്യങ്ങളിലുണ്ടായ സാമ്പത്തിക പ്രതിസന്ധി തന്നെയാണ്.

യൂറോപ്പിനെയാകെ വിഴുങ്ങാന്‍ വെമ്പല്‍ കൊണ്ടുനിന്ന 2008-2009 സമയത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ ഗ്രീസ് കടുത്ത ഞെരുക്കം അനുഭവിച്ചു. രാജ്യത്തെ സാമ്പത്തിക ഞെരുക്കം മറികടക്കാന്‍ യൂറോപ്പിലെ വിവിധ ബാങ്കുകളില്‍ നിന്ന് കോടിക്കണക്കിന് ഡോളര്‍ ഗ്രീസ് കടമെടുത്തു. സാമ്പത്തികരംഗത്ത് മാറ്റം വരുത്തി നിലവിലെ സാഹചര്യം മറികടക്കാനായിരുന്നു തീരുമാനം. എന്നാല്‍ അതിശക്തമായ സാമ്പത്തിക പ്രതിസന്ധി ഗ്രീസിന്റെ കണക്കു കൂട്ടലുകളെ ആകെ തെറ്റിച്ചു. കടമെടുത്ത പണം തിരികെ നല്‍കാന്‍ പറ്റാത്ത അവസ്ഥയിലെത്തി. രാജ്യത്തെ ബാങ്കുകളും സ്ഥാപനങ്ങളും പതിയെപ്പതിയെ പ്രതിസന്ധിയിലേക്ക് നീങ്ങുകയും ചെയ്തു.

നിലവിലെ സാമ്പത്തിക സാഹചര്യം മറന്ന ഗ്രീസ് അറിഞ്ഞോ അറിയാതയോ ഒടുവില്‍ ആ കാര്യം ലോകത്തോട് വിളിച്ചു പറഞ്ഞു. തങ്ങള്‍ ഇത്രനാളുകളായി ധനക്കമ്മി കുറച്ചു കാട്ടുകയായിരുന്നുവെന്ന്, ഇത് കേട്ടപാടെ ഗ്രീസിന് ആഗോള വിപണിയില്‍ നിന്ന് കടമെടുക്കുന്നതിന് വിലക്ക് വീണു, വീഴ്‌ത്തിയെന്ന് തന്നെ പറയുന്നതാകാം ശരി. ഈ സാഹചര്യത്തിന് തടയിടാന്‍ ഗ്രീസ്‌ രാജ്യാന്തര നാണയനിധിയെയും മറ്റു യൂറോപ്യന്‍ രാഷ്‌ട്രങ്ങളെയും രക്ഷാപദ്ധതിക്കായി 2010-ല്‍ ആദ്യമായി സമീപിച്ചു. ഗ്രീസിന്റെ ദയനീയ അവസ്ഥ മനസിലാക്കിയ ഐ എം എഫും യൂറോസോണും 2010ലും 2012 ലും അവര്‍ക്ക് സാമ്പത്തിക സഹായം നല്‍കി. യൂറോപ്യന്‍ യൂണിയനിലെ ഒരു രാജ്യം സാമ്പത്തികമായി തകിടം മറിയുന്നത് കണ്ട് നില്‍ക്കാന്‍ കഴിയാത്തതായിരുന്നു അതിന് കാരണം. കര്‍ശന വ്യവസ്ഥകളോടെ 24,000കോടി യൂറോ വായ്‌പ അനുവദിക്കുകയും ചെയ്‌തു. നികുതി ഉയര്‍ത്തുക, കടുത്ത ചെലവ് ചുരുക്കല്‍, ബജറ്റില്‍ വെട്ടിക്കുറയ്‌ക്കല്‍ എന്നിവയായിരുന്നു പ്രധാനമായ നിബന്ധനകള്‍.

എന്നാല്‍ ഗ്രീസിന്റെ പ്രശ്‌നങ്ങള്‍ അവിടെയും അവസാനിക്കുന്നതായിരുന്നില്ല. ലഭിച്ച പണം കടം വീട്ടാനും അത്യാവശ്യങ്ങള്‍ക്കുമായി വകമാറ്റി. അതോടെ രാജ്യത്ത് തൊഴിലില്ലായ്‌മയും കടബാധ്യതയും കുത്തനെ ഉയരാന്‍ വഴിയൊരുക്കി. രാജ്യത്ത് ആകെ തൊഴിലില്ലായ്‌മ 50ശതമാനവും യുവാക്കളിലേത് 25 ശതമാനവുമായി ഉയര്‍ന്നു. അതോടെ കാര്യങ്ങള്‍ ഗ്രീസിന്റെ കൈയില്‍ നിന്നും വഴുതി. 2010 മേയില്‍ 13.6 % ആയിരുന്ന ബജറ്റ്‌ കമ്മി നവംബറില്‍ 15.4% ആയി കൂടി. പൊതുകടം മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 120% ആയിരുന്നത്‌ 127% ആയി കൂടി. അങ്ങനെ യൂറോപ്പിലെ ഏറ്റവും കൂടിയ കടബാധ്യതയുള്ള രാഷ്‌ട്രമായി ഗ്രീസ്‌ മാറി. ആദ്യഘട്ട സഹായപാക്കേജ്‌ പര്യാപ്‌തമല്ലെന്നു വന്നപ്പോഴാണ്‌ ഗ്രീസ്‌ വീണ്ടും ഐ എം എഫിനെയും മറ്റു യൂറോ രാഷ്‌ട്രങ്ങളെയും കടത്തിനായി സമീപിച്ചത്‌.

കര്‍ശന ഉപാധികള്‍ക്കു വിധേയമായി ഗ്രീസിന്‌ 2012-ല്‍ 144 ബില്ല്യണ്‍ ഡോളറിന്റെ (9,07,200 കോടി രൂപ) രണ്ടാംഘട്ട സാമ്പത്തിക രക്ഷാ പദ്ധതി അനുവദിക്കുകയുണ്ടായി. പെന്‍ഷനും ശമ്പളവും വെട്ടിച്ചുരുക്കുകയും ഭീമമായ നികുതി ഏര്‍പ്പെടുത്തുകയും ചെയ്‌തതോടൊപ്പം മൂലധന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. അപ്പോഴേക്കും ഗ്രീസിന്റെ പൊതുകടം ജി ഡി പിയുടെ 175% ആയി പെരുകി. 35,000 കോടി ഡോളറില്‍ അധികമായി പൊതുകടം. സാമ്പത്തികാവസ്ഥ തകിടം മറിഞ്ഞതോടെ ഓടിച്ചിട്ട് നടത്തിയ പരിഷ്‌കാരങ്ങള്‍ വിപരീതഫലം ഉണ്ടാക്കിയത്‌ ഗ്രീസിനെ പിന്നീട്‌ തീര്‍ത്താല്‍ തീരാത്ത പ്രതിസന്ധിയിലേക്കാണു തള്ളിവിട്ടത്‌. ഇതിനുശേഷം അധികാരത്തിലെത്തിയെ ‘സിരിസ’യ്ക്കും ഒന്നു ചെയ്യാന്‍ ഉണ്ടായിരുന്നില്ല. അത്രയ്‌ക്കും ഗുരുതരമായിരുന്നു രാജ്യത്തിന്റെ അവസ്ഥ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :