പുതുവര്‍ഷത്തില്‍ ഡ്രൈവറില്ലാത്ത കാര്‍ ഓടിത്തുടങ്ങും

ന്യൂയോര്‍ക്ക്| VISHNU.NL| Last Updated: ചൊവ്വ, 30 ഡിസം‌ബര്‍ 2014 (13:31 IST)
ഒറ്റനോട്ടത്തില്‍ ടാറ്റ നാനോയുടെ മുകളില്‍ പോലീസ് ബീക്കണ്‍ ലൈറ്റ് പിടിപ്പിച്ച വാഹനം. അതാണ് ഗൂഗിളിന്റെ സ്വപ്നവാഹനമായ ഡ്രൈവറില്ലാത്ത കാര്‍. വാഹനത്തില്‍ ഉള്ള ഗൂഗിള്‍ മാപ്പില്‍ പോകേണ്ട സ്ഥലം അടയാളപ്പെടുത്തുക മാത്രമാണ് യാത്രക്കാരന്‍ ചെയ്യേണ്ടത്. എന്നിട്ട് സ്റ്റാര്‍ട്ട് ബട്ടണില്‍ വിരലമര്‍ത്തിയാല്‍ വാഹനം തനിയേ ഓടിത്തുടങ്ങു. ഇനി എത്തേണ്ട സ്ഥലത്ത് എത്തുയാല്‍ കാറിലെ എന്‍ഡ് ബട്ടണില്‍ വിരലമര്‍ത്തി കാര്‍ നിര്‍ത്തുകയും ചെയ്യാം.

ഗൂഗിളിന്റെ ഡ്രൈവറില്ലാത്ത കാറില്‍ റ്റിയറിംഗില്ല, ക്ലച്ചില്ല, ഗിയറില്ല, എന്തിനേറെ ബ്രേക്ക് പോലുമില്ല. ആകെയുള്ളത് സ്റ്റാര്‍ട്ട് ബട്ടണും എന്‍ഡ് ബട്ടണും. പിന്നെ യാത്രക്കാരനിരിക്കാനുള്ള സീറ്റും മാത്രം! ഡ്രൈവറില്ലാതെ തനിയെ ഓടുന്ന കാര്‍' എന്ന സ്വപ്‌നവുമായി ഗൂഗിള്‍ എഞ്ചിനിയര്‍മാര്‍ പണി തുടങ്ങിയിട്ട് നാളുകളേറെയായി. 2014 ന്റെ തുടക്കത്തില്‍ അത്തരമൊരു കാറിന്റെ മാതൃക കമ്പനി പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ 'സെല്‍ഫ് ഡ്രൈവിങ് കാറി'ന്റെ പണിതീര്‍ത്തൊരു പ്രോട്ടോടൈപ്പ് മോഡല്‍ ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നു.

നിരവധി പ്രോട്ടോടൈപ്പ് മോഡലുകളില്‍ പരീക്ഷണം നടത്തിയശേഷമാണ് ഗൂഗിള്‍ ഈ പ്രൊട്ടോ ടൈപ്പിനെ വികസിപ്പിച്ചത്. രണ്ടുപേര്‍ക്കിരിക്കാവുന്നതാണ് ഈ കാര്‍. റഡാര്‍ അടക്കമുള്ള സെന്‍സറുകളില്‍ നിന്നും ലേസര്‍ സംവിധാനത്തില്‍ നിന്നും ക്യാമറകളില്‍ നിന്നുമായി ലഭിക്കുന്ന ഡാറ്റ ഉപയോഗിച്ച് ഓണ്‍-ബോര്‍ഡ് കമ്പ്യൂട്ടറാണ് കാര്‍ ഓടിക്കുക. കാറിന്റെ മുകളില്‍ ഉറപ്പിച്ചിട്ടുള്ള കുറ്റിക്കുള്ളിലാണ് ക്യാമറകളുണ്ടാകുക. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗംവരെ പോകാന്‍ ഈ ഇലക്ട്രിക് കാറിന് സാധിക്കും.

പല ഘട്ടങ്ങളിലായി 11,26540 കിലോമീറ്റര്‍ ദൂരം പരീക്ഷണ ഓട്ടം നടത്തിയശേഷമാണ് ഇപ്പോഴുള്ള മോഡല്‍ കാറിലേക്ക് ഗൂഗിളിന്റെ പരീക്ഷണം വികസിച്ചത്. ഇപ്പോഴുണ്ടാക്കിയതുപോലെ നൂറ് പ്രോട്ടോടൈപ്പ് മോഡലുകള്‍ കൂടി നിര്‍മിക്കാനാണ് ഗൂഗിളിന്റെ പദ്ധതി. എന്നിട്ട് അവയെ അമേരിക്കയിലെ തിരക്കേറിയ തെരുവുകളിലൂടെ പരീക്ഷണാര്‍ഥം ഓടിക്കും. 2015 ജനവരിയില്‍ ബ്രിട്ടനിലെ റോഡുകളിലൂടെയും ഡ്രൈവറില്ലാ കാറുകള്‍ പരീക്ഷണ ഓട്ടം നടത്തും. തെക്കന്‍ ലണ്ടനിലെ ഗ്രീനിച്ച്, ബ്രിസ്‌റ്റോള്‍, ബക്കിങ്ഹാംഷയറിലെ മിലിട്ടന്‍ കെയ്ന്‍സ്, കൊവെന്ററി പ്രദേശങ്ങളിലെ തിരക്കേറിയ റോഡുകളിലൂടെയായിരിക്കും പരീക്ഷണ ഓട്ടം.

പിഴവുകളെല്ലാം പരിഹരിച്ച ശേഷം 2017 ആകുന്നതോടെ വ്യാപാരാടിസ്ഥാനത്തില്‍ 'ഗൂഗിള്‍ കാറു'കള്‍ പുറത്തിറങ്ങും. അന്നുമുതല്‍ ഡ്രൈവര്‍മാര്‍ എന്ന വംശം കുറ്റിയറ്റു പോകാന്‍ തുടങ്ങും എന്നര്‍ഥം. ഇന്റേണല്‍ കമ്പസ്റ്റിയന്‍ എഞ്ചിന്റെ കണ്ടുപിടുത്തത്തിന് ശേഷം വാഹന ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ മാറ്റമായാണ് ഡ്രൈവറില്ലാ കാറുകള്‍ കണക്കാക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :