അയോധ്യ കേസില്‍ വിധി പറഞ്ഞതിനു ശേഷം ബഞ്ചിലെ ജഡ്ജിമാരുമൊത്ത് താജില്‍ പോയി ചൈനീസ് ഫുഡ് കഴിച്ചു, ഹോട്ടലിലെ ഏറ്റവും മികച്ച വൈന്‍ അവര്‍ക്ക് നല്‍കി: മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്

രേണുക വേണു| Last Modified വ്യാഴം, 9 ഡിസം‌ബര്‍ 2021 (09:57 IST)

ഭൂമിത്തര്‍ക്ക കേസില്‍ വിധി പ്രസ്താവിച്ചതിനു പിന്നാലെ കേസ് പരിഗണിച്ച ബഞ്ചിലെ ജഡ്ജിമാരുമായി താന്‍ ഭക്ഷണം കഴിക്കുകയും വൈന്‍ കുടിക്കുകയും ചെയ്‌തെന്ന് മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. 2019 നവംബര്‍ ഒന്‍പതിനാണ് അയോധ്യ കേസില്‍ വിധി പുറപ്പെടുവിച്ചത്. അന്ന് ചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജന്‍ ഗൊഗോയ് ആയിരുന്നു കേസ് പരിഗണിച്ച ബഞ്ചിലെ അധ്യക്ഷന്‍. ജസ്റ്റിസുമാരായ എസ്.എ.ബോബ്‌ഡെ, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്.അബ്ദുള്‍ നസീര്‍ എന്നിവരായിരുന്നു ബഞ്ചിലെ മറ്റ് അംഗങ്ങള്‍.

അയോധ്യ വിധി പ്രസ്താവത്തിനു ശേഷം അന്ന് വൈകിട്ട് ബഞ്ചിലെ നാല് ജസ്റ്റിസുമാര്‍ക്കൊപ്പം താന്‍ താജ് മന്‍സിങ് ഹോട്ടലില്‍ പോയെന്നാണ് രഞ്ജന്‍ ഗൊഗോയ് പറയുന്നത്. 'ജസ്റ്റിസ് ഫോര്‍ ദ ജഡ്ജ്' എന്ന തന്റെ ആത്മകഥയിലാണ് ഗൊഗോയ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. 'വിധിക്ക് ശേഷം ബഞ്ചിലെ മറ്റ് ജഡ്ജിമാര്‍ക്കൊപ്പം സെക്രട്ടറി ജനറല്‍ ഒരു ഫോട്ടോ സെഷന്‍ ഒരുക്കിയിരുന്നു. കോര്‍ട്ട് നമ്പര്‍ ഒന്നിലെ ഗ്യാലറിക്ക് പുറത്ത് അശോക ചക്രയുടെ താഴെയാണ് ഫോട്ടോ സെഷന്‍ നടന്നത്. അതിനുശേഷം വൈകിട്ട് ഞാന്‍ ജഡ്ജിമാരേയും കൊണ്ട് അത്താഴത്തിനായി താജ് മന്‍സിങ് ഹോട്ടലില്‍ പോയി. ഞങ്ങള്‍ ചൈനീസ് ഫുഡ് കഴിച്ചു. അവിടെ കിട്ടാവുന്നതില്‍വച്ച് ഏറ്റവും മികച്ച വൈന്‍ അവര്‍ക്കൊപ്പം ഞാന്‍ ഷെയര്‍ ചെയ്തു,' രഞ്ജന്‍ ഗൊഗോയ് ആത്മകഥയില്‍ എഴുതിയിരിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :