വൈറ്റ് ഹൗസിലേയ്ക്ക് മാരക വിഷം 'റസിൻ' ഉൾക്കൊള്ളുന്ന കത്ത്; ജൈവായുധമെന്ന് സംശയം

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 20 സെപ്‌റ്റംബര്‍ 2020 (12:19 IST)
വാഷിങ്‌ടൺ; മാരക വിഷമുള്ള റസിൻ ഉൾപ്പെടുന്ന കത്ത് വൈറ്റ് ഹൗസിലേയ്ക്ക് അയച്ചതായി റിപ്പോർട്ട്. കാനഡയിൽനിന്നുമാണ് ജൈവായുധമെന്ന് സംശയിയ്ക്കുന്ന കത്ത് അയച്ചത് എന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കത്തിൽ വിഷം ഉള്ളതായി തപാൽ കേന്ദ്രത്തിൽ വച്ചുതന്നെ കണ്ടെത്തിയതിനാൽ വൈറ്റ് ഹൗസിലേയ്ക്ക് വിഷം എത്തുന്നത് തടയാൻ സധിച്ചു എന്നാണ് റിപ്പോർട്ടുകൾ.

സംഭവത്തെ കുറിച്ച് ഇതേവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗവും, യുഎസ് പോസ്റ്റൽ ഇൻസ്പെക്ഷൻ സർവീസും സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ജൈവായുധമായി ഉപയോഗിയ്ക്കുന്ന അതിമാരക വിഷമാണ് റസിൻ. ഇത് ശ്വസിയ്ക്കുകയോ, ശരീരത്തിൽ പ്രവേശിയ്ക്കുകയോ ചെയ്താൽ മരണം ഉറപ്പാണ്, ഈ രാസവിഷത്തിനെതിരെ നിലവിൽ മരുനുകൾ കണ്ടെത്തിയിട്ടില്ല. നേരത്തെ ബറാക് ഒബാമ അമേരിക്കൻ പ്രസിഡന്റായിരുന്നപ്പോൾ രണ്ട് തവണ വൈറ്റ് ഹൈസിലേയ്ക്ക് റസിൻ ഉൾക്കൊള്ളുന്ന കത്ത് എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്ന് രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :